ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപുഴ- രാമൻപുഴയിലേക്ക് ചേരുന്ന നീർചാലുകളെ കണ്ടെത്തി വീണ്ടെടുക്കുന്നതിനായുള്ള നീർച്ചാൽ മാപ്പിംഗ്  പദ്ധതിയുടെ ഉദ്ഘാടനം കെ എം സച്ചിൻദേവ് എം എൽ എ നിർവഹിച്ചു. പനങ്ങാട് ഗ്രാമ  പഞ്ചായത്തിന് സമീപത്തെ ആലങ്ങോട്ട് മീത്തലെ വീട്ടിൽ  തോട് മാപ്പിംഗ് ചെയ്‌തുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

മഞ്ഞപുഴ രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പുഴ ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളിലെയും നീർചാലുകളെ കണ്ടെത്തി മാപ്പ് ചെയ്യുന്ന പ്രവർത്തനമാണ് ആരംഭിക്കുന്നത്. നീർച്ചാൽ ശൃംഖല കണ്ടെത്തി വീണ്ടെടുക്കുന്നതിന് ഒരു രീതി ശാസ്ത്രം ഹരിതകേരള മിഷനും സംസ്ഥാന ഐടി മിഷനും ചേർന്ന് വികസിപ്പിച്ചിട്ടുണ്ട്.

നീർചാലുകളുടെ ഓരത്തുകൂടി നടന്ന് നിലവിലെ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ടാണ് മാപ്പിങ്. നശിച്ചു പോയ ജലവഴികളും അടഞ്ഞുപോയ നീർച്ചാലുകളും കണ്ടുപിടിക്കാൻ ഈ നീർച്ചാൽ നടത്തം സഹായകമാവും. തുടർന്ന് ജനപങ്കാളിത്തത്തോടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പ് മിഷൻ, വിവിധ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ എന്നിവയുടെ ഏകോപനത്തോടെ നീർചാലുകളുടെ ശുചീകരണവും വീണ്ടെടുപ്പും സാധ്യമാക്കുകയാണ് രീതി.

മഞ്ഞപുഴയിലേക്ക് ചേരുന്ന അടഞ്ഞുപോയതും നശിച്ചുപോയതുമായ നീർച്ചാലുകളെ നേരിട്ട്  കണ്ടെത്തി  ഭൂപടത്തിൽ അടയാളപ്പെടുത്തുകയും നീർചാലുകളുടെ ശുചീകരണവും വീണ്ടെടുപ്പും സാധ്യമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ പുഴയുടെ ആരംഭം മുതൽ കോരപ്പുഴയിൽ ചേരുന്നതുവരെയുള്ള പുഴയുടെ കൈവഴികളെ കൂടി ശക്തിപ്പെടുത്തിക്കൊണ്ട് പുഴ പുനരുജീവനവും പുഴയോട് ചേർന്ന് നിൽക്കുന്ന കാർഷിക, ക്ഷീര മേഖലകളുടെ വികസനവും  സാധ്യമാക്കപ്പെടും.

പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.  നവകേരളം കർമ്മപദ്ധതി ജില്ല കോഓർഡിനേറ്റർ  പി ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി.  തൊഴിലുറപ്പ് എഇ ജിബിൻ, ഹരിത കേരളം മിഷൻ ആർ പി കൃഷ്ണപ്രിയ, ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക്, ഹരിത കർമ്മസേന അംഗങ്ങൾ,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജെയ്സൺ  സ്വാഗതവും  അസിസ്റ്റന്റ് സെക്രട്ടറി കെ. പി സജിത്ത്  നന്ദിയും പറഞ്ഞു.