തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗം (ഐ ആൻഡ് ഇ.എൻ.ടി) മാർച്ച് 13നു രാവിലെ ഒമ്പത് മണി മുതൽ 1 മണി വരെ ആയുർവേദ കോളേജ് ആശുപത്രി ക്യാമ്പസിൽ ഗ്ലോകോമ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോക ഗ്ലോകോമ വാരചരണത്തിന്റെ ഭാഗമായാണ് സ്ക്രീനിംഗ് സംഘടിപ്പിക്കുന്നത്. കാഴ്ച പരിശോധന, കണ്ണിന്റെ മർദ്ദം അളക്കൽ, പെരിമെട്രി തുടങ്ങിയ പരിശോധനകൾ ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യമായും എ.പി.എൽ വിഭാഗത്തിലുള്ളവർക്ക് മിതമായ നിരക്കിലും ലഭിക്കും. മാർച്ച് 11, 12, 13 തീയതികളിൽ രാവിലെ 8 മണി മുതൽ 1 മണി വരെ ഒ. പി. നം. 5 ൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
കാഴ്ചശക്തിയെ ശാശ്വതമായി ബാധിക്കുന്ന ഒരു നേത്രരോഗമാണ് ഗ്ലോകോമ. ഈ രോഗം കൂടുതലായും 40 വയസിനു മുകളിലുള്ള മുതിർന്നവരെയാണ് ബാധിക്കുന്നത്. ഗ്ലോകോമ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും നേരത്തെ കണ്ടുപിടിക്കാനും ഉചിതമായ ചികിത്സാ പ്രതിവിധികൾ നിർദ്ദേശിക്കാനും മാർച്ച് 10 മുതൽ 16 വരെയാണ് ലോക ഗ്ലോകോമ വാരമായി ആചരിച്ചു വരുന്നത്.