കൊമ്മയാട് ക്ഷീരസംഘത്തിന് ഐസ്ഒ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി അഡ്വ. കെ. രാജുവില്‍ നിന്നു സംഘം ഡയറക്ടര്‍ ജോണി പുത്തേല്‍, ജീവനക്കാരായ ഐ.വി. സജി, രതീഷ് എന്നിവര്‍ ചേര്‍ന്നു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും പ്രവര്‍ത്തന മികവുമാണ് സംഘത്തെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനു അര്‍ഹമാക്കിയത്. കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന സംഘം ദിവസം ശരാശരി 2,500 ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. അംഗങ്ങളില്‍ 270 ഓളം പേര്‍ വോട്ടവകാശമുള്ളവരാണ്. ജില്ലയില്‍ ആദ്യമായി പാല്‍വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിയ സംഘങ്ങളിലൊന്നാണ് കൊമ്മയാടിലേത്. അതാതു ദിവസത്തെ പാല്‍വില മൊബൈല്‍ എസ്എംഎസായി കര്‍ഷകരെ അറിയിക്കുന്നതിനു സംഘം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷക ക്ഷേമത്തിനു മുന്‍തൂക്കം നല്‍കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും ഭാരവാഹികള്‍ പറഞ്ഞു.