മികച്ച ബീച്ച് ഡെസ്റ്റിനേഷനാക്കി തിക്കോടിയെ ഉയർത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിക്കോടി കല്ലകത്ത് ബീച്ചിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബീച്ചിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ ബീച്ച്ൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനാണ് വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി 93 ലക്ഷം രൂപയുടെ പദ്ധതികളാണ് തിക്കോടിയിൽ നടപ്പാക്കുന്നത്. തിക്കോടി ബീച്ചിനെ മികച്ച ഡെസ്റ്റിനേഷനാക്കി ഉയർത്താനാണ് ശ്രമം. അതിന് ബീച്ച് കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികൾക്ക് രൂപം നൽകാൻ ഡിടിപിസിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
തിക്കോടി ബീച്ചിലെ വികസന പ്രവൃത്തികളിൽ നടപ്പാത, സിറ്റിംഗ് ബെഞ്ചുകൾ, ലാൻഡ്സ്കേപ്പിങ്, കണ്ടെയ്നർ ടോയ്ലെറ്റുകൾ, പവലിയൻ നിർമ്മാണം, സ്കൾപ്ച്ചർ, പ്ലംബിങ് വർക്കുകൾ എന്നിവയാണ് നടപ്പാക്കുക. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.
കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യൻ, ആർ വിശ്വൻ, കെ പി ഷക്കീല, ജില്ലാ പഞ്ചായത്തംഗം ദുൽഖിഫിൽ, പഞ്ചായത്തംഗം വി കെ അബ്ദുൾ മജീദ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.