പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സംബന്ധിച്ച് വിവിധവശങ്ങള്‍ പഠിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമിതിക്ക് രൂപമായി. ധനവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി. റിട്ട. ജില്ലാ ജഡ്ജ് എസ്. സതീഷ് ചന്ദ്രബാബുവാണ് ചെയര്‍മാന്‍. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്ടര്‍ പ്രൊഫ. ഡി. നാരായണ എന്നിവരാണ് പുനപരിശോധന സമിതിയംഗങ്ങള്‍.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുക, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നത് കേന്ദ്ര ധനകമ്മീഷന്‍ നിബന്ധനകളെയും ധനദൃഡീകരണത്തിനുള്ള പരിപ്പ്രേക്ഷ്യത്തെയും എങ്ങനെ ബാധിക്കും, എന്‍.പി.എസ് ട്രസ്റ്റ്, എന്‍.എസ്.ഡി.എല്‍ എന്നിവരുമായി ഏര്‍പ്പെട്ട കരാറുകള്‍ സൃഷ്ടിക്കുന്ന ബാധ്യതകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് സാധ്യതകള്‍ നിര്‍ദ്ദേശിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പങ്കാളികളായ ജീവനക്കാര്‍ക്ക് ആയതു പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ജീവനക്കാര്‍ നാളിതു വരെ ഒടുക്കിയ വിഹിതം ഏതു വിധത്തിലാകും കൈകാര്യം ചെയ്യപ്പെടുക, സര്‍ക്കാര്‍ നാളതുവരെ ഒടുക്കിയ വിഹിതം തിരികെ ലഭ്യമാകുമോ, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ പദ്ധതിയില്‍ ചേര്‍ന്ന് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യത്തിലെ നിയമവ്യവസ്ഥ എന്തായിരിക്കും, ഇവരും സര്‍ക്കാരും അടച്ച വിഹിതങ്ങളുടെ സ്ഥിതി എന്തായിരിക്കും, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളുടെ അനുഭവവും ഇപ്പോഴത്തെ സ്ഥിതിയും പരിശോധിക്കുക, പങ്കാളിത്ത പെന്‍ഷന്റെ കേരളത്തിലെ പ്രത്യേകതകള്‍ എന്തെല്ലാമാണ്, പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടാകുന്നപക്ഷം പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാം, പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട് പ്രസക്തം എന്ന് കമ്മിറ്റി കരുതുന്ന മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ പരിഗണനാവിഷയങ്ങള്‍.