സോഫ്റ്റ് ബേസ്‌ബോളിന്റെ ഇന്ത്യന്‍ ടീം സാന്നിധ്യമായി മാറുന്ന കൊല്ലം ജില്ലക്കാരിയായ കൊച്ചുമിടുക്കി ശിവാനി നേപ്പാളിലേക്ക്. സൗത്ത് ഏഷ്യന്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ അവസരമൊരുക്കിയത് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ ‘ഇടപെടല്‍’. മയ്യനാട് സുനാമി ഫ്‌ളാറ്റില്‍ പരിമിതസാഹചര്യങ്ങളോടെ ജീവിക്കുന്ന ശിവാനിയുടെ കായികമികവ് അറിയാനിടയായ ജില്ലാ കലക്ടര്‍ കുട്ടിയുടെ കായികസ്വപനങ്ങള്‍ പൂവണിയാനുള്ള അവസരം ഒരുക്കിയാണ് പിന്തുണയായത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹായം ലഭ്യമാക്കുന്നതിനുള്ള തീരുമാനമാണ് ശിവാനിയുടെ ജീവിതത്തിലെ വഴിത്തിരിവായതും.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതി അംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ സ്‌നേഹാദരവാണ് നല്‍കിയത്. നേപ്പാളില്‍ പോകുന്നതിനുള്ള സാമ്പത്തിക സഹായവും സ്‌പോര്‍ട്‌സ് സാമഗ്രികളും ജില്ലാ കലക്ടര്‍ കൈമാറി. സാമ്പത്തിക പരാധീനതയാല്‍ പഠനം മുടങ്ങിയ ശിവാനിയുടെ സഹോദരന്റെ പഠന ചെലവുകള്‍ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ഷീബ ആന്റണി അധ്യക്ഷയായി.  ജില്ലാ സെക്രട്ടറി അഡ്വ.ഡി. ഷൈന്‍ ദേവ്, ട്രഷറര്‍ എന്‍. അജിത് പ്രസാദ്, ആര്‍. മനോജ്, അനുഷ പിള്ള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു