പതിനായിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഇളംഗമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. എഴുപത് വര്‍ഷം പാരമ്പര്യമുള്ള വിദ്യാലയം ആധുനിക കാലഘട്ടത്തിന് അനുസരിച്ച് മാറേണ്ടത് അനിവാര്യമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ നവീകരണത്തിനായി 96.12 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിവിലുള്ള കെട്ടിടങ്ങള്‍ ബലപ്പെടുത്തുന്നതോടൊപ്പം ആധുനിക രീതിയിലുള്ള ക്ലാസ് മുറികള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ആധുനിക കിച്ചണ്‍, ജൈവ വൈവിദ്ധ്യ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ ഒരുക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ചുമതല സംസ്ഥാന ഹാബിറ്റാറ്റിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ ബി.സതികുമാരി, അഡ്വ. ആര്‍. ബി. രാജീവ്കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രമതി, എസ്എസ്എ അടൂര്‍ ബിപിഒ കെ.എന്‍ ശ്രീകുമാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സരസ്വതി ഗോപി, സെക്രട്ടറി വിദ്യാധരന്‍പിള്ള, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പത്മിനി, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.