സ്‌കൂള്‍ അന്തരീക്ഷം പഠന സൗഹൃദമാക്കുകയും അങ്ങനെ പഠന പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സമഗ്രശിക്ഷ ജില്ലയിലെ വിദ്യാലയങ്ങളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിച്ചു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏഴംകുളം ഗവ.എല്‍.പി സ്‌കൂളില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു.
           പുതിയ ക്ലാസ് മുറികള്‍, ടോയ്‌ലറ്റുകള്‍, വൈദ്യുതി, കുടിവെള്ള കണക്ഷന്‍, അറ്റകുറ്റപ്പണികള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ജില്ലയിലെ 32 പൊതുവിദ്യാലയങ്ങള്‍ക്ക്  ഇതിന്റെ ഗുണഫലം ലഭിക്കും. 85 ലക്ഷം രൂപയാണ് ഇക്കൊല്ലം സമഗ്രശിക്ഷ പദ്ധതിയില്‍ ഇതിനായി വകയിരുത്തിയിട്ടുള്ളത്.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ സ്‌കൂള്‍ ഗ്രാന്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂളിനു വേണ്ടി പി.ടി.എ പ്രസിഡന്റ് ചെക്ക് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി.അനിത മുഖ്യ പ്രഭാഷണം നടത്തി.
    ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഏഴംകുളം അജു, വിദ്യാഭ്യാസ  ഉപഡയറക്ടര്‍   എം.കെ.ഗോപി, സമഗ്രശിക്ഷ   ജില്ലാ  പ്രോജക്ട്   ഓഫീസര്‍    ഡോ.ആര്‍.വിജയമോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീജ.എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.വി.ജയലക്ഷ്മി, സമഗ്രശിക്ഷ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു, പ്രോജക്ട് എഞ്ചിനീയര്‍ കുഞ്ഞുമോള്‍. ജി, പി.ടി.എ പ്രസിഡന്റ്   അനില്‍  നെടുമ്പള്ളില്‍,  സ്‌കൂള്‍  പ്രഥമാധ്യാപകന്‍   വി.എന്‍.സദാശിവന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.