ആലപ്പുഴ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷിക വേളയിൽ ആലപ്പുഴക്കാരനായ ഗോപിനാഥ പ്രഭുവിന് ഓർത്തെടുക്കാൻ ഓർമകളേറെയാണ്. 86 വയസിന്റെ അവശതകളൊന്നുമലട്ടാതെ ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രം മുഴുവൻ ആവേശത്തോടെ പറയുകയാണ് അദ്ദേഹം. ആലപ്പുഴ അനന്തനാരായണപുരം തുളു തിരുമല ദേവസം പ്രസിഡന്റായി അമ്പത് വർഷം സേവനമനുഷ്ടിച്ച കെ. നാഗേന്ദ്ര പ്രഭുവിന്റെ മകനാണ് പഴവങ്ങാടി തോപ്പിൽ വീട്ടിൽ എൻ. ഗോപിനാഥ പ്രഭു.എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ല്ഭിച്ച ദിവസം ഇന്നലെയെന്നപോലെ അദ്ദേഹം ഓർത്തെടുക്കുന്നു.

ക്ഷേത്രവിളംബരത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ, മറ്റു ചരിത്ര പ്രഖ്യാപനങ്ങൾ എന്നിവയുൾപ്പെടുന്ന അതിപുരാതന രേഖകളും പുസ്തകങ്ങളും ഇന്നും ഗോപിനാഥ പ്രഭുവിന്റെ കയ്യി 1942ൽ ഇതിലേക്ക് 20 രൂപക്ക് മുകളിൽ തുക സംഭാവനയായി നൽകിയ വ്യക്തികൾ, സംഘടനകൾ എന്നിവരുടെ പേരു വിവിരങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ടുള്ളതാണ് മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിയ സുവനീർ. 684 വ്യക്തികൾ, 76 സംഘടനകൾ എന്നിവരുടെ പേരു വിവരങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതെല്ലാം ഗോപിനാഥ പ്രഭുവിന്റെ പുസ്തക ശേഖരത്തിൽ ഭദ്രം.
നാലാം വയസുമുതൽ അച്ഛൻ നാഗേന്ദ്ര പ്രഭുവിനൊപ്പം ക്ഷേത്ര പ്രവേശന വിളംബരത്തിനു വേണ്ടി നടത്തിയ യാത്രകളാണ് ഏറ്റവും ശ്രേഷ്ഠമെന്ന് അദ്ദേഹം പറയുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ച് അന്ന്് തിരുവനന്തപുരത്ത്് ശ്രീചിത്തിര തിരുന്നാൾ മഹാരാജാവിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. വിവിധ സംഘടകൾ, വ്യക്തികൾ എന്നിവരിൽ നിന്നായി പണം ശേഖരിച്ചാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 1.17ലക്ഷം രൂപയാണ്് ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾക്കായി കമ്മിറ്റി അന്ന് കണ്ടെത്തിയത്. നാഗേന്ദ്ര പ്രഭു അധ്യക്ഷനായിരുന്ന ആലപ്പുഴ അനന്തനാരായണം തുളു ദേവസത്തിന്റെ വകയായി ആയിരത്തി ഒന്ന് രൂപയും ഇതിലേക്ക് സംഭാവനയായി നൽകിയിരുന്നു. ദേവീപ്രസാദ് റോയ് ചൗധരി എന്ന ശിൽപി രൂപകൽപന ചെയ്ത മഹാരാജാവിന്റെ ശിൽപം ഇറ്റലിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. 1940ലാണ് ശിൽപത്തിന്റെ പണി പൂർത്തീകരിച്ച് ഇന്ത്യയിൽ എത്തിക്കുന്നത്. ആലപ്പുഴ തുറമുഖത്ത് ശിൽപം വഹിച്ചുള്ള കപ്പൽ തീരമണഞ്ഞത് ഇന്നലെയെന്നപോലെ അദ്ദേഹം ഓർത്തെടുത്തു. തുടർന്ന് ശിൽപം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി അനാച്ഛാദനം നിർവ്വഹിച്ചു. ശിൽപത്തിന്റെ നിർമ്മാണാവശ്യങ്ങൾക്കായുള്ള തുക സമാഹരണത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് ശേഷം ഏറ്റവുമധികം തുക സംഭാവനയായി നൽകിയത് കെ. നാഗേന്ദ്രപ്രഭു അധ്യക്ഷനായിരുന്ന ആലപ്പുഴ അനന്തനാരായണപുരം തിരുമല ദേവസ്വം ക്ഷേത്രസമിതിയാണെന്ന് അദ്ദേഹം പറയുന്നു.
തിരുവതാംകൂറിലേയും പിന്നീട് ഐക്യ കേരളത്തിന്റെയും സാമൂഹികപുരോഗതിക്കാധാരമായ ചരിത്ര സംഭവമായി ഈ വിളംബരം. 1829ൽ സതി നിരോധനത്തിനു ശേഷം രാജ്യത്ത് നിലവിൽ വന്ന ഏറ്റവും വലിയ ഒരു സാമൂഹിക പരിഷ്‌കാരമായും ക്ഷേത്രപ്രവേശന വിളംബരത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്. തിരുവനന്തപുരത്തെ കോട്ടയ്ക്കകത്ത് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമുണ്ട്. മണ്ഡപത്തിൻറെ പീഠത്തിൽ മഹാരാജാവിൻറെ കൃഷ്ണ ശിലയിൽ കൊത്തിയ പ്രതിമയും താഴെ അമ്പല നടയിലേക്ക് ഇരച്ചുകയറുന്ന പിന്നാക്കകാരും ഉൾപ്പെടുന്നതാണ് സ്മാരകം.