കൊച്ചി: അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന റോഷ്‌നി പദ്ധതി  അതിഥി സംസ്ഥാനക്കാരെ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറ്റുന്ന  പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഷ്‌നി പദ്ധതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും മലയാള ഭാഷാ പരിജ്ഞാന രേഖ സമീക്ഷയുടെ പ്രകാശനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയുടെ അതിര്‍ വരമ്പുകള്‍ക്ക് അതീതമായി, കേരളത്തിലെത്തിയ കുടിയേറ്റ സമൂഹത്തെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിഥി തൊഴിലാളികളുടെ മക്കളെ അവര്‍ ജീവിക്കുന്ന ഈ നാടിന്റെ ഭാഗമാക്കുന്നതിനായി ജില്ലയിലെ നാല് വിദ്യാലയങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി നിലവില്‍ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലുമായി 2500 ഇതര സംസ്ഥാനകുട്ടികള്‍ക്കാണ് ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത്. പദ്ധതിയുടെ സാമ്പത്തിക സഹായം നല്‍കുന്ന ഭാരത് പെട്രോളിയം ലിമിറ്റഡ്, പദ്ധതിയുമായി സഹകരിക്കുന്ന ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സര്‍വ്വ ശിക്ഷാ അഭിയാന്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പദ്ധതിയിലൂടെ ഭാഷാപരമായ അറിവിന് പുറമേ നാടിന്റെ സംസ്‌കാരം കൂടി പകര്‍ന്ന് നല്‍കാന്‍ സാധിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. മലയാളത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവരുടെ മാതൃ ഭാഷ പഠിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. ഇതിനായി ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ പ്രാവീണ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കുന്നു.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുപോലെ കാണുന്ന നാടാണ് കേരളം. മതനിരപേക്ഷതയാണ് ഇതിന്റെ അടിസ്ഥാനം. കേരളം കാത്ത് സൂക്ഷിക്കുന്ന മതനിരപേക്ഷതയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ കൈമുതലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ഏത് കോണിലും ജീവനോപാധി കണ്ടെത്തുന്നവരാണ് മലയാളികള്‍. അതിനാല്‍  ഇവിടെ പണിയെടുക്കാന്‍ വരുന്നവരുടെ വികാരങ്ങളും പ്രയാസങ്ങളും മറ്റാരേക്കാളും മനസ്സിലാക്കാന്‍ കേരളീയര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ലക്ഷം പേരാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എല്ലാവരും ഒരേ രാജ്യക്കാര്‍ എന്ന നിലയിലാണ് അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനം നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള കുടിയേറ്റ തൊഴില്‍ ക്ഷേമ പദ്ധതി എന്ന പേരില്‍ കേരള ബില്‍ഡിംഗ് ആന്റ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴില്‍ ഒരു പദ്ധതി നടപ്പാക്കി. ഇതിന് പുറമേ 25000 രൂപയുടെ ചികിത്സാ സഹായ പദ്ധതി, അരലക്ഷം രൂപയുടെ അപകട മരണ സഹായം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു.  വിവിധ ആനുകൂല്യങ്ങള്‍ക്ക് പുറമേ തൊഴിലാളികളുടെ ശുചിത്വവും ആരോഗ്യവും പരിശോധിക്കുന്നതിനും ശരിയായ ചികിത്സ നല്‍കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ എല്ലാവരെയും ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കായി അപ്‌നാ ഘര്‍ എന്ന പേരില്‍ ഹോസ്റ്റല്‍ പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. അതിഥി തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ദേശ, ഭാഷാ വ്യത്യാസമില്ലാതെ നടപ്പാക്കുന്ന നാടായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഷ്‌നി പദ്ധതിയുടെ മികച്ച നടത്തിപ്പിന്റെ തെളിവാണ് സ്വതന്ത്ര സിവിലിയന്‍ പുരസ്‌കാരമായ സ്‌കോച്ച് അവാര്‍ഡ് ഈ പദ്ധതിയെ തേടിയെത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ പദ്ധതിയുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ സോഷ്യല്‍ ഓഡിറ്റ് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വിവിധ പഠന പിന്തുണ പദ്ധതികളുടെ ലക്ഷ്യം പാര്‍ശ്വ വത്കരണമില്ലാത്ത ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയാണെന്ന് പറഞ്ഞു. പാര്‍ശ്വവത്കരണമില്ലാത്ത ക്ലാസ് മുറികളിലൂടെ അത്തരത്തിലൊരു സമൂഹത്തെയാണ് ഭാവിയില്‍ വാര്‍ത്തെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ഭരണകൂടത്തെയും ജില്ലാ കളക്ടറെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. മലയാള സമൂഹത്തിന്റെ ഹൃദയത്തോട് സംസാരിക്കാന്‍ അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പ്രാപ്തമാക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ പാഠ്യവിഷയങ്ങളിലെ പിന്നാക്ക അവസ്ഥയെ മാറ്റുന്നതും ലക്ഷ്യമിട്ട്്് നിരവധി പാഠ്യ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റോഷ്‌നി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കൊച്ചി ബി.പി.സി.എല്‍ എക്‌സിക്യൂട്ട് ഡയറക്ടര്‍ പ്രസാദ് പി. പണിക്കര്‍, റോഷ്‌നി പ്രോജക്ട് ജനറല്‍ കോഡിനേറ്റര്‍ ടി. കെ പ്രകാശ്, പദ്ധതിയുടെ അക്കാദമിക് കോഡിനേറ്റര്‍ ജയശ്രീ ടീച്ചര്‍ തുടങ്ങിയവരെ ആദരിച്ചു. ചടങ്ങില്‍ എം.എല്‍.എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സാഹിത്യകാരന്‍ സേതു, മുന്‍ ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.