കൊച്ചി: പ്രളയാനന്തര കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ കാമ്പസുകള്‍ ജൈവ വൈവിധ്യം നിറഞ്ഞതാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടര്‍ന്നുള്ള നാടിന്റെ പുനഃസൃഷ്ടിയില്‍ പരിസ്ഥിതി സന്തുലനം ഉറപ്പാക്കണം. ഇക്കാര്യങ്ങളില്‍ സഹകരണ മേഖലയുടെ ഇടപെടല്‍ അനിവാര്യമാണ്. കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണ്. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ. ടോമി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ ഈ വര്‍ഷത്തെ ലാഭവിഹിതമായ 16,80,000 രൂപയുടെ ചെക്കും ബാങ്കിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും മന്ത്രിക്ക് കൈമാറി.
കൈതാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബാങ്ക് നല്‍കുന്ന ഒരു ലക്ഷം രൂപ സ്‌കൂള്‍ അധികൃതര്‍ക്ക് മന്ത്രി നല്‍കി. ടി.ആര്‍. ബോസ്, കെ.ജെ. ഷൈന്‍, സി.എസ്. സുരേഷ് കുമാര്‍, ഡൈനൂസ് തോമസ്, പി.ജി. നാരായണന്‍, കെ.ബി. ജയപ്രകാശ്, സെക്രട്ടറി കെ. ശാന്ത എന്നിവര്‍ പ്രസംഗിച്ചു.
