വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ( ജൂലൈ 22) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.
ജില്ലയിൽ മഴക്ക് ശമനം: 19 ക്യാമ്പുകളിലായി 1198 പേർ


ജില്ലയിൽ മഴക്ക് നേരിയ ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നിലവിൽ ജില്ലയിലെ മൂന്ന് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 19 ദുരിതാശ്വാസ ക്യാമ്പുകളിൽ 340 കുടുംബങ്ങളിലെ 1198 പേരാണുള്ളത്. ഇതിൽ 443 പുരുഷന്മാരും 491 സ്ത്രീകളും 264 കുട്ടികളും ഉൾപ്പെടുന്നു.
മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയ സാഹചര്യത്തിൽ 10 ക്യാമ്പുകൾ പിരിച്ചു വിട്ടു. വിളമ്പംകണ്ടു ജി.എൽ.പി സ്കൂൾ, കമ്മന നവോദയം എൽ.പി സ്കൂൾ, പാണ്ടിക്കടവ് ഹിൽ ബ്ലൂംസ് സ്കൂൾ, ജി.എച്ച്.എസ്.എസ് പനമരം, അമൃത വിദ്യാലയം, പവന താഴെയങ്ങാടി, പേര്യ ജി.യു.പി സ്കൂളുകളിലായി പ്രവർത്തിക്കുന്ന ഏഴ് ക്യാമ്പുകളിലായി 132 കുടുംബങ്ങളിലെ 437 അംഗങ്ങൾ ഉണ്ട്.
ബത്തേരി താലൂക്കിലെ കല്ലിൻങ്കര ഗവ യു .പി സ്കൂൾ, നടവയൽ സെന്റ് തോമസ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 56 കുടുംബങ്ങളിലെ 205 അംഗങ്ങൾ ക്യാമ്പിൽ കഴിയുന്നുണ്ട്.

വൈത്തിരി താലൂക്കിൽ 10 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 152 കുടുംബങ്ങളിലെ 556 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂൾ, തരിയോട് ജി.എൽ.പി സ്കൂൾ, തെക്കംതറ എ.യു.പി സ്കൂൾ, വെങ്ങപ്പള്ളി ആർ.സി.എൽ.പി സ്കൂൾ, ചേര്യംക്കൊല്ലി ചർച്ച് സൺഡേ സ്കൂൾ, കരിങ്കുറ്റി ജി.എച്ച്.വി.എച്ച്.എസ്.എസ്, മേപ്പാടി ഏലവയൽ അങ്കണവാടി, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.എൽ.പി.എസ് കല്ലുപടി എന്നീ സ്കൂളുകളിലാണ് വൈത്തിരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.