നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികളും സ്ത്രീകളും അണിനിരന്ന വിളംബര ഘോഷയാത്ര നഗരത്തിന് പുത്തന്‍കാഴ്ചയായി. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്നലെ (നവംബര്‍ 10) മുതല്‍ 12 വരെ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയില്‍ സ്കൂള്‍ വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും അടക്കം അഞ്ഞൂറോളം പേര് പങ്കെടുത്തു.
ചന്ദ്രനഗര്‍ കൈരളി കളരി സംഘം കളരി അഭ്യാസ വേഷവിധാനങ്ങളോടെ വിളംബര ജാഥയില്‍ അണിനിരന്നു. കുടുംബശ്രീയുടെ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രത്തിലെ 200 ലധികം വിദ്യാര്‍ഥികള്‍ തമസോ മാ ജ്യോതിര്‍ഗമയ, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, ലിംഗസമത്വം തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി ജാഥയില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സെയ്തലവിയുടെ നേതൃത്വത്തില്‍ 10 സി.ഡി എസുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും ജാഥയില്‍ അണിനിരന്നു. ഗവ.മോയന്‍സ് സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച വിളംബരജാഥ ടൗണ്‍ ഹാളിലാണ് സമാപിച്ചത്. ടൗണ്‍ ഹാളിനു മുന്നിലുള്ള ചരിത്രപ്രദര്‍ശന വേദിയില്‍ എം.ബി രാജേഷ് എം.പി, എ.ഡി.എം ടി.വിജയന്, ജനറല്‍ കണ്‍വീനര്‍ ടി.ആര്.അജയന് എന്നിവര്‍ ജാഥയ്ക്ക് സ്വീകരണം നല്കി.
