* മരിച്ച ദമ്പതികളുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകും
* ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച ആനകളെ തുരത്തും
* തടസ്സങ്ങൾ നീക്കി ആന മതിൽ പൂർത്തിയാക്കും; അതുവരെ സോളാർ ഹാങ്ങിങ് ഫെൻസിങ്

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാമിലെ വെള്ളി (80), ഭാര്യ ലീല (72) എന്നിവരുടെ മൃതദേഹങ്ങൾ ആറളം ഫാമിലെ പട്ടികവർഗ പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെത്തി സന്ദർശിച്ച് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാട്ടുകാരുമായി സംസാരിച്ചു. ആനമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് സർവ്വ കക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മന്ത്രി അറിയിച്ചു. മന്ത്രി അനുനയിപ്പിച്ച ശേഷം മൃതദേഹങ്ങൾ സംസ്കാരത്തിനായി വീട്ടുകാർക്ക് വിട്ടു നൽകാൻ നാട്ടുകാർ അനുവദിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മരം മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി ആന മതിൽ നിർമ്മാണം കാര്യക്ഷമമായി, സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതുവരെ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ആറളം ഗ്രാമപഞ്ചായത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു. മതിൽ പ്രവൃത്തി ഇനിയും ആരംഭിക്കാത്ത സ്ഥലങ്ങളിൽ ഫെബ്രുവരി അവസാനം തന്നെ പ്രവൃത്തി തുടങ്ങാൻ നടപടിയെടുക്കും. കാട്ടാന ആക്രമണത്തിൽ ആറളം ഫാമിലെ വെള്ളി (80), ഭാര്യ ലീല (72) എന്നിവർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആറളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തത്. മരണപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പ് താൽക്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 10 ലക്ഷം രൂപ 25ന് നൽകും.

ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച ആനകളെ ഉൾക്കാടുകളിലേക്ക് തുരത്തുന്നതിന് തിങ്കളാഴ്ച രാത്രി തന്നെ ആർ ആർ ടി കൾ നടപടി ആരംഭിക്കും. ഇതിനായി രണ്ടോ മൂന്നോ ആർ ആർ ടി കളെ അധികമായി നിയോഗിക്കും. ആനമതിൽ നിർമ്മാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് തന്നെ നടപടി സ്വീകരിക്കാവുന്നതാണ്. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട അനുമതികളെല്ലാം നൽകിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് താക്കീതോടെ ഉത്തരവിറക്കുമെന്ന് മന്ത്രി അറിയിച്ചു. ആനമതിൽ പൂർത്തിയാകും വരെ ചില പ്രദേശങ്ങളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കും. ഇതിന് ആവശ്യമായ തുക ജില്ലാ കളക്ടർ ജില്ലാ ദുരന്തനിവാരണ സമിതി ഫണ്ടിൽ നിന്ന് അനുവദിക്കും. ടെണ്ടർ വിളിച്ചാലുള്ള കാലതാമസം കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ക്വട്ടേഷൻ വ്യവസ്ഥയിൽ കാര്യക്ഷമതയുള്ള കരാറുകാരെ ഉപയോഗിച്ച് പ്രവൃത്തി നടത്താമെന്ന് മന്ത്രി അറിയിച്ചു.

ആന മതിൽ നിർമ്മാണം ആഴ്ച തോറും മോണിറ്റർ ചെയ്യാനായി പേരാവൂർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വാർഡ് മെമ്പർമാർ എന്നിവരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നിരീക്ഷണ സംവിധാനം ഉണ്ടാക്കും. വനം വകുപ്പ് റേഞ്ച് ഓഫീസർക്ക് ഇതിൽ ചുമതല നൽകും. ഈ സമിതി മാർച്ച് ഒന്നു മുതൽ നിലവിൽ വരും.

വന്യമൃഗ സാന്നിധ്യം തിരിച്ചറിയാനായി വയനാട് പുൽപ്പള്ളിയിൽ ദിനേശ് സോഫ്റ്റ്‌വെയർ മുഖേന നടപ്പിലാക്കിയ ഹൈടെക് പ്രതിരോധ സംവിധാനം അടുത്ത ഘട്ടമായി ആറളത്ത് നടപ്പിലാക്കും. ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിൽ വന്യജീവികളെ നിരീക്ഷിക്കാനുള്ള ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കും. വനമേഖലയിൽ അടിക്കാട് വെട്ടുന്നത് പരിശോധിക്കാൻ ഉത്തര മേഖല സി സി എഫിനെ ചുമതലപ്പെടുത്തി. മാർച്ച് മൂന്നോ നാലോ തീയതിയിൽ തീയതിയിൽ തിരുവനന്തപുരത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

സർവകക്ഷി യോഗത്തിൽ എം.എൽ.എമാരായ അഡ്വ. സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ എസ് ദീപ, റൂറൽ പോലീസ് മേധാവി അനൂജ് പലിവാൽ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, ആറളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശോഭ, ആറളം ഫാം ഉൾപ്പെട്ട വാർഡ് മെമ്പർ മിനി ദിനേശൻ, ഐ.ടി.ഡി.പി പ്രൊജക് ഓഫീസർ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌ കുമാർ, കണ്ണൂർ ഡി.സി.സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, എം. പ്രകാശൻ മാസ്റ്റർ, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ. മോഹനൻ, കെ.കെ. ജനാർദനൻ, കെ.ടി. ജോസ്, കെ.വി. ഉത്തമൻ, വി. ഷാജി, വേലായുധൻ, ജെയ്സൺ ജീരകശ്ശേരി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.