ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പഴുതടച്ച സംവിധാനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍, ളാഹ, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്ത് ഒരു ഭക്ഷ്യസുരക്ഷ ഓഫീസറുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ സ്‌ക്വാഡും നിലയ്ക്കല്‍, ളാഹ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു സ്പെഷ്യല്‍ സ്‌ക്വാഡും പമ്പയിലേയ്ക്ക് പ്രത്യേകമായി ഒരു ഭക്ഷ്യസുരക്ഷ ഓഫീസറേയുമാണ് മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. ആഹാര സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതമായിരിക്കും.
നിലയ്ക്കലില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലബോറട്ടറിയിലും പത്തനംതിട്ട ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധിക്കും. പഴകിയതോ മായം കലര്‍ന്നതോ ആയ ഭക്ഷണ സാധനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാര്‍ 2006ലെ ഭക്ഷ്യസുരക്ഷ നിലവാര നിയമപ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.  എല്ലാ സ്ഥാപനങ്ങളിലും 1800 425 1125 എന്ന ഭക്ഷ്യസുരക്ഷ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി രാസ പരിശോധനയ്ക്കും മൈക്രോബയോളജി പരിശോധനയ്ക്കും പ്രത്യേകമായി സാമ്പിളുകള്‍ ശേഖരിക്കും. കൂടാതെ, അന്നദാനസ്ഥലങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലേയ്ക്കായി പ്രത്യേക സ്‌ക്വാഡും പ്രവര്‍ത്തിക്കും.
ശബരിമല തീര്‍ഥാടത്തോടനുബന്ധിച്ച് ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍ദിഷ്ട അളവിലും തൂക്കത്തിലും ലഭിക്കുന്നുണ്ടോ എന്നും പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരം പായ്ക്കറ്റിന് പുറത്ത് വേണ്ടതായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലീഗല്‍ മെട്രോളജി വകുപ്പ്  പരിശോധിക്കും. പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയേക്കാള്‍ അധികവില ഈടാക്കുക, കാലവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക തുടങ്ങിയവയ്‌ക്കെതിരെ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. പെട്രോള്‍ പമ്പുകളില്‍ നിര്‍ദ്ദിഷ്ട അളവുകളില്‍ ഇന്ധനം ലഭ്യമാക്കുന്നുണ്ടോ എന്ന പരിശോധനയും വകുപ്പ് കര്‍ശനമാക്കും.