അമ്പലപ്പുഴഃ കാപ്പിത്തോടിന്റെ നവീകരണത്തിനായി 20 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി പൊതുമരാമത്ത് റജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു.
വീതി കൂട്ടി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുനർനിർമ്മിക്കുന്ന എസ് എൻ കവല – കഞ്ഞിപ്പാടം റോഡിന്റെ നിർമ്മാണോദ്ഘാടനംനിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ മുതൽ കാക്കാഴത്തുകൂടി പൂക്കൈതആറുവരെയുള്ള കാപ്പിത്തോട് മുഴുവനായും പുനർനിർമിക്കും. കൈയ്യേറ്റങ്ങൾ വികസനത്തിനായി വിട്ടുനൽകണം. അതിന് കഷ്ടനഷ്ടങ്ങൾ ഉണ്ടാകാം.സർകാർ അത് നൽകേണ്ടതില്ല. എന്നാൽ അതു വഹിക്കുന്നതിനെ കുറിച്ചും ചിന്തിക്കും. ബന്ധപ്പെട്ട വകുപ്പുകൾ വേണ്ടരീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാതിരുന്നതാണ് സർക്കാർ ഭൂമികൾ കൈയ്യേറുന്നത്. 22 കിലോ മീറ്റർ നീളത്തിൽ 160 കോടിരൂപ മുടക്കിയാണ് എ.സി റോഡ് നവീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
അഞ്ചു കിലോമീറ്ററോളം നീളത്തിലും 8 മീറ്റർ വീതിയിലുമാണ് എസ് എൻ കവല കഞ്ഞിപ്പാടം റോഡ് പുനർമ്മിക്കുന്നത്. ബി എം ബി സി സംവിധാനങ്ങളോടെ ഒരു കിലോമീറ്റർ റോഡ് പൂർത്തിയാക്കുന്നതിന് 4 കോടി രൂപയാണ് ചെലവ് വരുന്നത്. ജില്ലയിലെ തന്നെ ഏറ്റവും ചെലവേറിയ റോഡാണ് നിർമ്മിക്കുന്നത്. വികസനപ്രവർത്തനങ്ങൾക്ക് ഈ സർക്കാർ കക്ഷിരാഷ്ട്രീയം നോക്കാറില്ല. 2019 പൂർത്തിയാകുമ്പോൾ മണ്ഡലത്തിലെ മുഴുവൻ റോഡുകളും ആധുനികസാങ്കേതിക സംവിധാനങ്ങളോടെ പൂർത്തിയാക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് എസ് എൻ കവല ജംങ്ഷനു സമീപം ചേർന്ന സമ്മേളനത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഫ്സത്ത് അധ്യക്ഷയായി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ,അമ്പലപ്പുഴ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ, എന്നിവർ പ്രസംഗിച്ചു. സുപ്രണ്ടിങ്ങ് എഞ്ചിനീയർ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
