ഇ.എസ്.ഐ കോർപ്പറേഷൻ കോഴിക്കോട്, കൊല്ലം റീജിയണൽ ഓഫീസുകൾ നിർത്തലാക്കുവാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാരും ഇ.എസ്.ഐ കോർപ്പറേഷനും പിന്തിരിയണമെന്ന് തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
ചെലവു ചുരുക്കലിന്റെ മറവിലാണ് സംസ്ഥാനത്തെ അഞ്ച് റീജിയണൽ ഓഫീസുകളിൽ രണ്ടെണ്ണം വെട്ടിച്ചുരുക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണൽ ഓഫീസുകൾ യഥാക്രമം തൃശ്ശൂർ, തിരുവനന്തപുരം റീജിയണൽ ഓഫീസുകളോട് ചേർക്കുവാനാണ് ശ്രമിക്കുന്നത്. കൊല്ലം ജില്ലയിൽ കശുവണ്ടി മേഖലയിലടക്കം തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇ.എസ്.ഐ പദ്ധതി വഴി ചികിത്സ തേടുന്നത്. മലബാർ മേഖലയിലെ ഏക റീജിയണണൽ ഓഫീസാണ് കോഴിക്കോട് ഉള്ളത്. തൊഴിലാളികൾ അവരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസ വിഹിതമടച്ചാണ് ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നത്.
ഇ.എസ്.ഐ പദ്ധതി മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും പകരം സമീപ കാലയളവിൽ തൊഴിലാളി വിരുദ്ധ സമീപനമാണ് ഇ.എസ്.ഐ കോർപ്പറേഷൻ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരുമായുള്ള കരാർ പ്രകാരം ഗുണഭോക്താക്കൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള സംവിധാനം ഇ.എസ്.ഐ കോർപ്പറേഷനാണ് നൽകിവന്നിരുന്നത്. ഈ ചികിത്സയുടെ അർഹതാ മാനദണ്ഡങ്ങളിൽ കോർപ്പറേഷൻ ഏകപക്ഷീയമായി ഭേദഗതി കൊണ്ടുവന്നതിനെ തുടർന്ന് ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. അത്യാസന്ന നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ചികിത്സാ ചെലവ് ഇനിമുതൽ കോർപ്പറേഷൻ വഹിക്കില്ല. 18 പുതിയ ഇ.എസ്.ഐ ഡിസ്പെൻസറികൾ തുടങ്ങുന്നതിന് കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ തീരുമാനമെടുക്കുകയും അതിനായി 162 തസ്തികകൾ അനുവദിക്കുകയും ചെയ്തു. എന്നാൽ അവ ആരംഭിക്കുന്നതിന് കോർപ്പറേഷൻ ഇപ്പോൾ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാർ ഇ.എസ്.ഐ പദ്ധതി വിപുലപ്പെടുത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തെ ഒൻപത് ഇ.എസ്.ഐ ആശുപത്രികളിലും കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റുകൾ ഉടൻ സ്ഥാപിക്കും. എല്ലാ ഡിസ്പെൻസറികളിലും ഇന്റർനെറ്റ് സൗകര്യത്തോടുകൂടി ടെലഫോൺ സൗകര്യമേർപ്പെടുത്തുകയും കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലുമാണ്. മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും നവീകരണപ്രവർത്തനങ്ങളും നടത്തുന്നതിന് 20 സംസ്ഥാന അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 25 സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. ഡിസ്പെൻസറികളിൽ നിന്നും ഇ.എസ്.ഐ ആശുപത്രികളിലെ ഒ.പി വിഭാഗത്തിൽ ചികിത്സ തേടുന്ന രോഗികൾക്ക് അഞ്ച് ദിവസത്തേക്ക് ആവശ്യമായ മരുന്നുകൾ നൽകുന്നതിന് ഫാർമസി ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിച്ചു. വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായി ഡ്രഗ് ടെസ്റ്റിംഗ് ലാബോറട്ടറി പേരൂർക്കടയിൽ പ്രവർത്തിച്ചുവരുന്നു. ആശുപത്രികളിൽ വരുന്ന രോഗികൾക്ക് ഉച്ചയ്ക്കുശേഷം ലാബോറട്ടറി സൗകര്യം ലഭിക്കുന്നതിനായി സ്വകാര്യ ലാബോറട്ടറികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി. ചികിത്സയും പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്റർ, 14 സ്ഥാപനങ്ങളിൽ എൻ.സി.ഡി ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഇ.എസ്.ഐ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകണമെന്നും ഇ.എസ്.ഐ ഗുണഭോക്താക്കളുടെ താൽപര്യങ്ങൾക്ക് വിഘാതമാവുന്ന നിലപാടുകളിൽ നിന്നും പിന്തിരിയണമെന്നും ഇ.എസ്.ഐ കോർപ്പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു.