കേരള തൊഴിൽ മന്ത്രിയും മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തി

കേരളവും മാലിദ്വീപും തമ്മിൽ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താൻ വഴിയൊരുങ്ങുന്നു. സെക്രട്ടേറിയറ്റിൽ തൊഴിൽ മന്ത്രിയുടെ ചേംബറിൽ സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണനും മാലിദ്വീപ് വിദ്യഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാമും തമ്മിൽ നടന്ന ചർച്ച ഇതിനുള്ള പുതിയ കാൽ വയ്പ്പായി.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസിന്റെ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് പ്രോഗ്രാം വഴി മാലിയിലെ നഴ്സുമാർക്ക് നഴ്സിംഗ് മേഖലയിൽ നൈപുണ്യ വികസനത്തിന് അവസരമൊരുക്കുന്നതിന് ചർച്ചയിൽ ധാരണയായി. മുൻ ധാരണയനുസരിച്ച് മാലിയിൽ നിന്നുള്ള 74 നഴ്സുമാർ ഉൾപ്പെടുന്ന ഒന്നാം ബാച്ചിന്റെ പരിശീലനം പൂർത്തിയായിരുന്നു. ചർച്ചയിൽ തീരുമാനിച്ച മുറയ്ക്ക് ഡിസംബർ 17-ന് മാലിയിൽ നിന്നുള്ള രണ്ടമത് ഒരു നഴ്സിംഗ് ബാച്ചിന് കൂടി പരിശീലനം ആരംഭിക്കും.
മാലിയും കേരളവും തമ്മിൽ നൈപുണ്യവികസനം, വിദ്യഭ്യാസം, ടൂറിസം അനുബന്ധ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കാനും സാധ്യതകൾ ഉപയോഗപ്പെടുത്താനും വേണ്ട നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളവുമായുള്ള സഹകരണം ഉറപ്പാക്കുന്നതിന് ഭാരത സർക്കാരുമായി ചർച്ച നടത്തുമെന്നും ഇതിനു ശേഷം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മാലിദ്വീപ് വിദ്യഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാം വ്യക്തമാക്കി.
മാലിയിൽ അധ്യാപന മേഖലയിൽ കേരളത്തിന് കൂടുതൽ സാധ്യതകൾ ഉണ്ടാകണമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ മാലിദ്വീപ് മന്ത്രിയോട് ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പിനു കീഴിലുള്ള ഒഡെപെക് വഴി റിക്രൂട്ട്മെന്റിനുള്ള അവസരങ്ങളൊരുക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാലിദ്വീപ് സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഡോ.ഐഷത്ത് ഷിഹാം പറഞ്ഞു.
സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണനെ മാലിദ്വീപ് സന്ദർശിക്കുന്നതിനായി മാലിദ്വീപ് വിദ്യഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാം ക്ഷണിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ ക്ഷണം സ്വീകരിക്കുകയും ചെയ്തു

ചർച്ചയിൽ തൊഴിലും നൈപുണ്യവും എക്സൈസും ജലവിഭവ വകുപ്പും അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ടിവിഇടി അതോറിറ്റി ഡയറക്ടർ അമിനാഥ് അശ്ര, ഡോ.എം.വി.സുധാകർ , നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് ജനറൽ മാനേജർ രഞ്ജിത് എന്നിവർ സന്നിഹിതരായിരുന്നു.