ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണ ങ്ങളൊരുക്കി ജില്ലാ ഭരണകൂടം. കടലിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. ഭക്ഷണം ,കുടിവെള്ളം,മെഡിക്കല്‍ സേവനം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കേരള തീരത്തു നിന്നും 70 കി മീ അകലെയാണ് ഓഖിയുടെ നിലവില്‍ സാന്നിധ്യം. കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്. ജനങ്ങള്‍ യാതൊരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ല. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. വസ്ത്രങ്ങളും അത്യാവശ്യം വേണ്ട രേഖകളും(റേഷന്‍, ഐഡി, ആധാര്‍ കാര്‍ഡുകള്‍)മാത്രം കൈയില്‍ കരുതിയാല്‍ മതിയാവും. ഈ പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനാല്‍ മോഷണത്തെയും മറ്റും ഭയക്കേണ്ടതില്ലെന്നും കളകട്ര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികളെ കാണാതായ സാഹചര്യത്തില്‍ നാവിക-തീരസംരക്ഷണ സേനകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. നാവികസേനാക്കപ്പലുകളും തീരസംരക്ഷണ സേനയുടെ കപ്പലും ഇതിനായി പുറപ്പെട്ടതായും അവര്‍ അറിയിച്ചു.തിരച്ചിലിന് വ്യോമസേന ഹെലികോപ്റ്ററുകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരസംരക്ഷണ സേനയുടെ ബോട്ടുകള്‍ക്ക് ഉള്‍ക്കടലിലേക്ക് പോകാനായില്ല. എന്നാല്‍ ഇവരുടെ സേവനം ഏത് നിമിഷവും ലഭ്യമാക്കുന്ന തരത്തില്‍ പൂന്തുറയില്‍ സജ്ജമാക്കിയിട്ടുണ്ട്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംഘവും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
കൂടാതെ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ പ്രതേ്യക ദുരന്തനിവാരണ ഓഫീസ് പ്രവര്‍ത്തിക്കും. എല്ലാ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളിലും രാത്രികാലങ്ങളിലുള്‍പ്പെടെ ഉദേ്യാഗസ്ഥര്‍ ഉണ്ടായിരിക്കും. താലൂക്കുകളുടെ ഏകോപനചുമതല വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കിയതായും . ആളുകള്‍ക്ക് ഇവരുമായി ബന്ധപ്പെടാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. (തിരുവനന്തപുരം- വി ആര്‍ വിനോദ്, സവിത പി- 8547610014,8547610020, വര്‍ക്കല- ആര്‍ എസ് ബൈജു- 8547610013, നെയ്യാറ്റിന്‍കര- ജെ ദേവപ്രസാദ് 8547610012,ചിറയിന്‍കീഴ്- എസ് ജെ വിജയ- 8547610015, ) കണ്‍ട്രോള്‍ റൂമുകള്‍ -കളക്ടറേറ്റ് 2730045,2730067-ക്യാമ്പ് ഓഫീസ് -2318476
മലയോര മേഖലയില്‍ വൈകിട്ട് ആറിനും പകല്‍ ഏഴിനുമിടയില്‍ അടിയന്തര ഗതാഗതമൊഴികെയുള്ളവ നിര്‍ത്തിവെച്ചു. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് പൊതുജനങ്ങള്‍ മലയോര തീരദേശ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജലാശയങ്ങളിലും വിനോദസഞ്ചാരത്തിനായി പോകരുത്. വാഹനങ്ങള്‍ മരങ്ങളുടെ ചുവട്ടില്‍ നിര്‍ത്തിയിടരുത്. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ചുഴലിക്കാറ്റിന്റെ സാധ്യതയാണ് നിലവിലുള്ളത്. ഇത് സുനാമിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. സുനാമി സംബന്ധിച്ച യാതൊരു അറിയിപ്പും ഇല്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കളക്ടര്‍ അറിയിച്ചു.
സബ്കളക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍, എ ഡി എം ജോണ്‍ വി സാമുവല്‍, ഡെപ്യൂട്ടി കളക്ടര്‍ വി ആര്‍ വിനോദ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ നല്‍കുമെന്ന് ഡെപ്യൂട്ടി കളക്ടറുടെ (ദുരന്ത നിവാരണ) ഓഫീസ് അറിയിച്ചു.