22-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍, മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ  ടി വി ചന്ദ്രന്‍, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍ മൊറേനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍,  പ്രശസ്ത സിനിമാ ക്യുറേറ്ററും സിനിമാ ഗവേഷകനുമായ അബൂബേക്കര്‍ സനേഗോ എന്നിവരാണ് ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍.
മാര്‍ലോണ്‍ മൊറേനോ ചിത്രം ‘ഡോഗ് ഈറ്റ് ഡോഗ്’, ടി വി ചന്ദ്രന്റെ ‘ഡാനി’, മാര്‍ക്കോ മുള്ളറുടെ  ‘ദി സണ്‍’, മേരി സ്റ്റീഫന്റെ ‘ദി സ്വേയിങ് വാട്ടര്‍ലിലി’ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ജൂറി ചിത്രങ്ങള്‍.
രണ്ടാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘ദി സണ്‍’ സന്ധി ചര്‍ച്ചയ്‌ക്കെത്തുന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥ പറയുന്നു. ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ അലക്‌സാണ്ടര്‍ സുകുറോവാണ്.
സുഖലോലുപതയ്ക്കിടയിലും ദമ്പതികളിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെ പ്രമേയമാക്കിയ ചിത്രമാണ് ‘ദി സ്വേയിങ് വാട്ടര്‍ ലില്ലി’. ഈ തുര്‍ക്കിഷ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും സെരെന്‍ യൂസ് ആണ്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനം കൂടിയാണ്. ജൂറി അംഗമായ മേരി സ്റ്റീഫനാണ് ചിത്രത്തിന്റെ എഡിറ്റര്‍. അധോലോകത്തിലെ ബന്ധങ്ങളും അവര്‍ക്കുള്ളിലെ പ്രതികാരകഥയും പറയുന്ന ചിത്രമാണ് കാര്‍ലോസ് മൊറേനോയുടെ ‘ഡോഗ് ഈറ്റ് ഡോഗ്’. മാര്‍ലോണ്‍ മൊറേനോ, ഓസ്‌കാര്‍ ബോര്‍ഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രണയവും വിരഹവും നേട്ടവും നഷ്ടങ്ങളുമെല്ലാം ചരിത്ര നിമിഷങ്ങള്‍ക്കൊപ്പം അനുഭവിച്ച ഡാനിയേല്‍ തോംപ്‌സണ്‍ എന്ന സാക്‌സോഫോണ്‍ വായനക്കാരന്റെ കഥയാണ് ടി.വി. ചന്ദ്രന്റെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ ‘ഡാനി’ എന്ന ചിത്രം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ്, സിദ്ദിഖ്, വാണി വിശ്വനാഥ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.