അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍
പൊരുതിനിന്ന പെണ്‍ജീവിതങ്ങളുടെ കഥകളുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവള്‍ക്കൊപ്പം വിഭാഗം. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1970-90 കാലഘട്ടത്തിലെ സിനിമകളാണ് ഇതിലുള്‍പ്പെടുന്നത്.
കള്ളിച്ചെല്ലമ്മ (പി. ഭാസ്‌ക്കരന്‍, 1969), കുട്ട്യേടത്തി (പി.എന്‍.മേനോന്‍, 1971), അവളുടെ രാവുകള്‍ (ഐ.വി.ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്, 1983), ദേശാടനക്കിളി കരയാറില്ല (പത്മരാജന്‍, 1986), ആലീസിന്റെ അന്വേഷണം (ടി.വി. ചന്ദ്രന്‍, 1989), പരിണയം (ഹരിഹരന്‍, 1994) എന്നീ സിനിമകളാണ് അവള്‍ക്കൊപ്പം വിഭാഗത്തിലുള്ളത്.
എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമ പരിഗണിക്കാന്‍ മടികാണിച്ച വിഷയങ്ങളാണ് ഈ സിനിമകള്‍ക്ക് പ്രമേയങ്ങളായത്. പെണ്‍ പോരാട്ടത്തിന്റെ പാഠങ്ങള്‍ പറഞ്ഞു തരുന്ന ഈ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. സമൂഹത്തോടും, നേരിട്ട അനീതികളോടും നിവര്‍ന്നു നിന്നു കലഹിച്ച ഉണ്ണിമായയും, സാലിയും, ആലീസും ഇന്നും പ്രേക്ഷക മനസില്‍ ശക്തരായ കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു.