അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
പത്താംക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ 238 ടൈറ്റിൽ പാഠപുസ്തകങ്ങളും, ഈ വർഷം പരിഷ്‌കരിച്ച രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ 205 ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ട് വർഷം കൊണ്ട് പരിഷ്‌കരിച്ചത്. 2014ന് ശേഷം ആദ്യമായാണ് പാഠ്യപദ്ധതി പുതുക്കിയത്.
ഇതുകൂടാതെ, ഹയർസെക്കൻഡറി പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും പരിഷ്‌കരണം ആരംഭിച്ചുകഴിഞ്ഞ സർക്കാർ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി രാജ്യത്തിന് തന്നെ മാതൃകയായി. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്‌സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. മെയ് മാസം പത്താം തീയതിയോടു കൂടി 3,80,00,000 പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.
ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ ‘കുരുന്നെഴുത്തുകൾ’ എന്ന പേരിൽ പുസ്തകരൂപത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുമുണ്ട്. കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്.
—-
കരുത്തോടെ കേരളം – 3
#keralagovernment #generaleducation #karuthodekeralam #NavakeralamPuthuvazhikal