സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്. ഈ വിഭാഗങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി വിവിധ പരിശീലന പരിപാടികളും, വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് പരിശീലന പരിപാടികളും നടപ്പാക്കുന്നു.
വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതിയിൽ നടപ്പുവർഷം 710 പുതിയ ഗുണഭോക്താക്കൾക്ക് ആനുകൂല്യത്തിന് അനുമതി നൽകി. സ്പിൽ ഓവർ വിഭാഗത്തിൽ 515 വീടുകൾ പൂർത്തീകരിച്ചു. Pathway Social Life wellness programme ന് 50 ലക്ഷം രൂപ ചെലവഴിച്ചു.
2024-25 സാമ്പത്തികവർഷം പോളിടെക്നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ് വഴി 677 വിദ്യാർഥികൾക്കായി 40.62 ലക്ഷം രൂപ നൽകി. ബിരുദ, പി.ജി, പ്രൊഫഷണൽ വിദ്യാർഥിനികൾക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പിലൂടെ 9022 വിദ്യാർത്ഥിനികൾക്കായി 7.46 കോടി രൂപ നൽകി. പ്രെവറ്റ് ഐ.ടി.ഐ / ഐ.ടി.സി ഫീ-റീ ഇംപേഴ്സ്മെന്റ് സ്കീം- 3943 വിദ്യാർഥികൾക്കായി 3.96 കോടി രൂപ ചെലവഴിച്ചു. നൈപുണ്യപരിശീലന പരിപാടിക്ക് 90 ലക്ഷം രൂപ സി.എ, സി.എം.എ, സി.എസ് സ്കോളർഷിപ്പ് 384 കുട്ടികൾക്കായി 57.67 ലക്ഷം രൂപ നൽകി.
യു.ജി.സി, സി.എസ്.ഐ.ആർ, നെറ്റ് കോച്ചിംഗിനായി 550 വിദ്യാർത്ഥികൾക്ക് ഒൻപത് ലക്ഷം രൂപ ചെലവഴിച്ചു. ഐ ഐ ടി, ഐ.ഐ.എം, ഐ.ഐ.എം.സി, ഐ.എം.എസ്.സി വിദ്യാർഥികൾക്ക് പ്രതിവർഷം 50,000 രൂപ നൽകുന്ന സ്കോളർഷിപ്പ് പദ്ധതി. 36 വിദ്യാർഥികൾക്കായി 18 ലക്ഷം രൂപ നൽകി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പഠിതാക്കൾക്ക് നൽകുന്ന മദർ തെരേസ സ്കോളർഷിപ്പ് വഴി 402 പേർക്കായി 60.78 ലക്ഷം രൂപ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നവർക്കും ബിരുദം 80% മാർക്ക്, പി.ജി 75% മാർക്ക് നേടി വിജയിക്കുന്നവർക്കും നൽകുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 4815 വിദ്യാർഥികൾക്കായി 524 ലക്ഷം രൂപ ചെലവഴിച്ചു.
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 33 വിദ്യാർത്ഥികൾക്കായി 5.55 ലക്ഷം രൂപ നൽകി.വിദേശ സർവ്വകലാശാലകളിൽ ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്സുകളിൽ പഠിക്കുന്നവർക്കായി 170 ലക്ഷം വകയിരുത്തിയ പദ്ധതി പ്രകാരം 30 കുട്ടികൾക്കായി 144.26 ലക്ഷം രൂപ ഇതുവരെ നൽകി. ഇബ്രാഹിം സുലൈമാൻ സേട്ടു – ഉറുദു സ്കോളർഷിപ്പ് വഴി 384 കുട്ടികൾക്ക് 3.84 ലക്ഷം രൂപ നൽകി.
മാർഗദീപം സ്കോളർഷിപ്പിന് 20 കോടി രൂപ വകയിരുത്തിയതിൽ 1,21,667 കുട്ടികൾക്കായി 18.25 കോടി രൂപ വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിനാണ് സമന്വയം പദ്ധതി. ഇതിനായി രജിസ്ട്രേഷൻ ഡ്രൈവുകൾ നടന്നുവരുന്നു. പി എം ജെ വി കെ പദ്ധതിയിൽ 37 പ്രോജക്ടുകൾ ഈ സർക്കാരിന്റെ കാലയളവിൽ 49 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. സർക്കാർ സർവീസിൽ ന്യൂനപക്ഷ യുവജനങ്ങൾക്ക് പരിശീലനം നൽകാൻ 24 പരിശീലന കേന്ദ്രങ്ങളും 27 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന 15 ലേറെ വായ്പാ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സർക്കാർ ഗ്യാരണ്ടി 50 കോടിയിൽ നിന്ന് 100 കോടിയായി ഉയർത്തി. വായ്പാതുക നാല് ഇരട്ടിയായി വർധിപ്പിച്ചു.
കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും, ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
കരുത്തോടെ കേരളം- 67