കോട്ടയം: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും.

അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യ മണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യത്തിലേക്കെത്തുന്നത്.

രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം. ഒന്നാംഘട്ടത്തിൽ മൂന്നുനിലകളുടെ നിർമാണം, വൈദ്യുതീകരണം, അഗ്നിരക്ഷാ സംവിധാനം എന്നിവ 2300 ചതുരശ്ര മീറ്ററിൽ പൂർത്തിയാക്കും. 110 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെയാണിത്്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. 15 കോടി രൂപ മുടക്കിയാണ് ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത്.
സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, കൃഷിഭവൻ, ഐ.സി.ഡി.എസ.് എന്നിവ ഉൾപ്പടെ പത്തു സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒരുമിച്ച് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.

ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭഅധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗം രശ്മി ശ്യാം, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, സംഘാടകസമിതി ചെയർമാൻ ഇ.എസ്. ബിജു, വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷ്, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. രൂപേഷ്, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി, ഫാ. സുനിൽ പെരുമാനൂർ(ചൈതന്യ പാസ്റ്ററൽ സെന്റർ), അതിരമ്പുഴ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, പാറക്കണ്ടം അൽ മദീന ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സൽമാൻ ബാഖവി, ഏറ്റുമാനൂർ ക്ഷേത്രോപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവൻ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജോസ് ഇടവഴിക്കൽ, പി.വി. മൈക്കിൾ, കെ.ഐ. കുഞ്ഞച്ചൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജെയ്സൺ ജോസഫ്, രാജീവ് നെല്ലിക്കുന്നേൽ,അബ്ദുൾ സമദ്, വ്യാപാരി വ്യവസായി പ്രതിനിധികളായ എൻ.പി. തോമസ് , സെബാസ്റ്റ്യൻ വാളംപറമ്പിൽ, എസ്.എം.എസ്.എം ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് എന്നിവർ പങ്കെടുക്കും.