നവോത്ഥാന ചരിത്രത്തെയും ഭരണഘടനയുടെ അന്തഃസത്തയെയും കുട്ടികളുടെ അവകാശങ്ങളെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്താനായി ‘നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം’ എന്ന വിഷയത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം കോട്ടൺഹിൽ ഗവ: ഗേൾസ് എച്ച്.എസിൽ രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
സഹകരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുസ്തകപ്രകാശനം നിർവഹിക്കും. മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, വി.കെ. മധു, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ ആശംസയർപ്പിക്കും.
ഹയർസെക്കൻഡറി ഡയറക്ടർ പി.കെ. സുധീർബാബു, വി.എച്ച്.എസ്.ഇ ഡയറക്ടർ പ്രൊഫ. എ. ഫറൂഖ്, സമഗ്ര ശിക്ഷാ അഭിയാൻ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ഡോ. എ.പി. കുട്ടികൃഷ്ണൻ, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ എം.എ. ലാൽ, എ.ഡി.പി.ഐ ജെസി ജോസഫ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് എന്നിവർ സംബന്ധിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ സ്വാഗതവും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് ഡയറക്ടർ ടി.വി. സുഭാഷ് നന്ദിയും പറയും.
കേരളം രൂപീകൃതമാകുന്നതിനു മുമ്പ് സംഭവിച്ച നവോത്ഥാനചരിത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. ഭരണഘടനയുടെ അന്തഃസത്തയെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധമുണ്ടാവേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നതിനാലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനവ്യാപകമായി വിദ്യാലയങ്ങളിൽ നവോത്ഥാന ചരിത്രപ്രദർശനം, നവോത്ഥാന സാഹിത്യ പ്രചാരണം, പ്രഭാഷണം, ചരിത്രബോധനം റിയാലിറ്റി ഷോ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളും നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.