കലവൂർ: ഭാഷ പഠനം സമൂഹിക മാറ്റങ്ങളിലേക്ക് മനുഷ്യനെ നയിക്കുമെന്ന് ധനകാര്യമന്ത്രി ഡോ.ടി. എം.തോമസ് ഐസക്ക് . ജാതിമത ചിന്തകൾക്ക് അതീതമായി ചിന്തിച്ചുപ്രവർത്തിക്കാൻ ഭാഷപഠനം സഹായിക്കും. ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനായി നടത്തിയ ചങ്ങാതി പദ്ധതി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിജയകരമായി പൂർത്തീകരിച്ച് നടത്തിയ മികവുത്സവം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്.
ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലെ അതിഥികളാണെന്നും മന്ത്രി പറഞ്ഞു. ‘നിങ്ങൾക്ക് ഇപ്പോൾ മലയാളം അറിയാം പക്ഷെ എനിക്ക് ഇപ്പോഴും ഹിന്ദി അറിയില്ല’ എന്ന മന്ത്രിയുടെ പ്രസ്താവന സദസ്സിൽ ചിരിയുണർത്തി.
മണ്ണഞ്ചേരി പഞ്ചായത്തിലെ 5 കേന്ദ്രങ്ങളിലായി 200 ൽ അധികം ഇതര സംസ്ഥാന തൊഴിലാളികളാണ് ചങ്ങാതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായത്. 2017 ആഗസ്റ്റ് മാസം ധനകാര്യമന്ത്രി തന്നെ ഉദ്ഘാടനം നിർവഹിച്ച പദ്ധതിയാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ എന്ന നിലയിൽ സംഘാടക സമിതി രൂപീകരിച്ച് സർവേ നടത്തി. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തി. പഠിതാക്കൾക്ക് സാക്ഷരതാ ക്ലാസ്സുകളും ഡിജിറ്റൽ സാക്ഷരതാ ക്ലാസുകളും നൽകി. സി.ഡിയിൽ പഠന വിഷയങ്ങൾ കാണിച്ച ശേഷം പഠിതാക്കളുടെ മൊബൈൽ ഫോണിലേക്ക് ഇവ നൽകി.
മികവുത്സവം ഉദ്ഘാടനത്തെ തുടർന്ന് ഏറ്റവും മികച്ച വിദ്യാർത്ഥികളായ വിക്കി,ഗണേഷ് കുമാർ എന്നിവരെ മന്ത്രി തോമസ് ഐസക്ക് പൊന്നാട അണിയിച്ചാദരിച്ചു. ബീഹാർ സ്വദേശിയായ വിക്കി മൂന്നു വർഷമായി വി.കെ.സി.കമ്പനിയിൽ ജോലി ചെയ്യുന്നു.ഇപ്പോൾ സ്വന്തം പേര് മലയാളത്തിൽ എഴുതാനും ചെറിയ രീതിയിൽ മലയാള പത്രം വായിക്കാനും ഒക്കെ വിക്കിക്ക് കഴിയും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്ലാസ്സുകൾ നൽകിയ ചേർത്തല എസ്.എൻ.കോളേജിലെ എൻ.എസ്.എസ്. വോളണ്ടിയർമാരെ ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത് പൊന്നാട അണിയിച്ചാദരിച്ചു.ഇന്നാണ്(ഞായർ) മികവുത്സവത്തിന്റെ ഭാഗമായുള്ള പരീക്ഷ നടക്കുക. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ളത് വി.കെ.സി.കമ്പനിയിലാണ്.പദ്ധതിയുടെ രണ്ടാംഘട്ടം പാണാവള്ളി പഞ്ചായത്തിൽ ഉടൻ ആരംഭിക്കും.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ടി.മാത്യു,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്‌കുമാർ ,സാക്ഷരത മിഷൻ ജില്ല കോ ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ, അസിസ്റ്റന്റ് പ്രോഗ്രം ഓഫീസർ കെ.എം.സുബൈദ , മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ എന്നിവർ പങ്കെടുത്തു.