വയനാടിന് അഞ്ചു സംസ്ഥാനതല പുരസ്കാരങ്ങൾ

കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിർമിച്ച വടുവൻചാൽ
ജിഎച്ച്എസ്എസിന്റെ ‘ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം. സംസ്ഥാനത്തെ മികച്ച മുളന്തുരുത്തുകളിൽ ഒന്നാമതെത്തിയത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം മുളന്തുരുത്തും.

ഇവയുൾപ്പടെ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ നൽകുന്ന അംഗീകാരങ്ങളിൽ സംസ്ഥാന തലത്തിൽ അഞ്ചു അംഗീകാരങ്ങൾ വയനാട് ജില്ല നേടി.തദ്ദേശസ്ഥാപന തലത്തിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ ‘ശാന്തിവനം’ പച്ചത്തുരു ത്ത് അഞ്ചാം സ്ഥാനം നേടി. കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തും ഇതേ വിഭാഗത്തിൽ അഞ്ചാം സ്ഥാനം പങ്കിട്ടു.പച്ചത്തുരുത്ത് ഒരുക്കിയ സ്ഥാപനങ്ങളിൽ എടവക ഗ്രാമപഞ്ചായത്തിലെ നല്ലൂർനാട് കാൻസർ കെയർ സെന്ററിലെ ‘തൈതാൽ’ പച്ചത്തുരു ത്ത് മൂന്നാം സ്ഥാനം നേടി. ഈ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയിലെ വെട്ടൂർ ആയുർവേദ സസ്പെൻസറി മൂന്നാം സ്ഥാനം പങ്കിട്ടു.പച്ചത്തുരുത്ത് ഉണ്ടാക്കുന്നതിലും പരിപാലിക്കുന്നതിലും ആദരിക്കുന്ന വ്യക്തികളിൽ അമ്പുകുത്തി ഗവ. എൽ പി സ്കൂളിലെ പാർട്ട്‌ ടൈം സ്വീപ്പർ കെ സി പീറ്റർ ഉൾപ്പെട്ടത് ജില്ലയ്ക്ക് മറ്റൊരു അംഗീകാരമായി.2019 ലാണ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വടുവൻചാൽ ജിഎച്ച്എസ്എസിൽ പച്ചത്തുരുത്ത് ആരംഭിക്കുന്നത്. തനത് ഫലവൃക്ഷങ്ങളുടേയും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളുടേയും സംരക്ഷണവും പരിപാലനവും അതിലൂടെ ജൈവവൈവിധ്യ സമ്പത്തിൻ്റെ മെച്ചപ്പെടുത്തലും ആയിരുന്നു ലക്ഷ്യം.കാടുപിടിച്ചു കിടന്നിരുന്ന രണ്ടേക്കർ സ്ഥലത്താണ് ഹരിതാരണ്യം എന്ന പേരിൽ പച്ചത്തുരുത്ത് ആരംഭിച്ചത്. കഴിഞ്ഞ ആറുവർഷക്കാലം കൊണ്ട് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെയും തൊഴിലുറപ്പു പ്രവർത്തകരുടേയും സംയുക്തമായ ശ്രമത്താൽ സ്കൂളിലെ പച്ചത്തുരുത്ത് മികച്ചതായി.അപൂർവ്വയിനം ഫലവൃക്ഷങ്ങൾ, വള്ളിപ്പടർപ്പുകൾ, തനത് ഇനങ്ങൾ, വിദേശ ഇനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നൂറുകണക്കിന് ഫലവൃക്ഷങ്ങളാൽ സമ്പന്നമാണ് ഹരിതാരണ്യമിന്ന്.പേര, വേങ്ങ, മണിമരുത്, ദേവതാരു, താന്നി, അമ്പഴം, അശോകം, രുദ്രാക്ഷം, ഞാവൽ, പതിമുഖം, അയിനി, ചേര്, മന്ദാരം, ഉങ്ങ്, മാവ്, തെങ്ങ്, കശുമാവ്, ആത്തച്ചക്ക, ചെമ്പകം, നെല്ലി, കൊന്ന എന്നിങ്ങനെയുള്ള നാടൻ ഇനങ്ങളും സ്ട്രോബറി, ജംമ്പോട്ടിക്കാബ മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, സ്പാത്തോഡിയ, കനേഡിയൻ കൊന്ന, മിൽക്ക് ഫ്രൂട്ട്, ടെർമിനലിയ എന്നീ വിദേശ ഇനങ്ങളും ഓർണമെൻ്റൽ പനകൾ, വിവിധയിനം മുളകൾ എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ ഇരുനൂറിലധികം ഫലവൃക്ഷങ്ങൾ സ്കൂളിലെ പച്ചത്തുരുത്തിലുണ്ട്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓരോ വർഷവും പുതിയ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നുമുണ്ട്.

കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിൽ 2000 മുളകൾ വെച്ചുപിടിപ്പിച്ചിരുന്നു. അമ്പതിലധികം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട മുള ഉദ്യാനവും സ്കൂളിലുണ്ട്. കൂടാതെ വിദ്യാവനവും നക്ഷത്രവനവും സംരക്ഷിക്കുന്നു. അടുത്ത വർഷത്തോടെ സീറോ കാർബൺ വിദ്യാലയമായി മാറാനുള്ള പ്രവർത്തനങ്ങൾക്കും, സ്കൂളിൻ്റെ ജൈവസംരക്ഷണ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണിത്.

ചോലപ്പുറം സംസ്ഥാനത്തെ മികച്ച മുളന്തുരുത്ത്

മുളകൾ ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിന്റെ ചെറുമാതൃകകള്‍ സൃഷ്ടിച്ച് ഹരിതകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ചോലപ്പുറം മുളന്തുരുത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തിലാണ് ചോലപ്പുറം എന്ന പേരിൽ മുളകൾ കൊണ്ട് പച്ചതുരുത്ത് സൃഷ്ടി ച്ചത്. ഉപയോഗിക്കാതെ കിടക്കുന്ന പൊതുസ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉള്‍പ്പെടുത്തി വനമാതൃകകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് ഇവിടെ. 2019 നവംബര്‍ 11 നാണ് മുളന്തുരുത്ത് നടപ്പിലാക്കിയത്. 774 ഇനം മരങ്ങളും 47 ഇനം ചെടികളും 354 മുളകളും ചോലപ്പുറം മുളന്തുരുത്തിന്റെ ആകര്‍ഷണമാണ്. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തിലെ സസ്യങ്ങള്‍ക്ക് ശാസ്ത്രീയ നാമം, ഫാമിലി പ്രാദേശിക പേരുകള്‍ എന്നിവ നൽകി.എടവക ഗ്രാമപഞ്ചായത്തിലെ   നല്ലൂർനാട് അംബേദ്കർ ക്യാൻസർ സെന്റർ അങ്കണത്തിനോട് ചേർന്ന് തൈതാൽ പച്ചത്തുരുത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം. തൊഴിലുറപ്പ് സംവിധാനത്തിന്റെ സംഭാവനയാണ് ക്യാൻസർ സെന്ററിനോട് ചേർന്ന ഈ പച്ചതുരുത്ത്.
2019ൽ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതി ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, തുടങ്ങി നൂറിൽപ്പരം വൃക്ഷലാതാദികളോട് കൂടി ഒരു സ്വാഭാവിക വനമായി മാറി. ഒരേക്കറോളം വരുന്ന തരിശായ ഭൂമിയിലാണ് ഭരണ സമിതിയുടെ
നിർദ്ദേശപ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തട്ട് തിരിച്ച്, വനവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത് . 1,84367 രൂപ ചിലവഴിച്ച് 578 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് ഇത് യാഥാർഥ്യമാക്കിയത്. മണിമരുത്, നീർമരുത്, പേര, നെല്ലി, ഇല്ലി, മുള, ഓറഞ്ച്, മഹാഗണി, നാരകം, ദന്തപ്പാല, രാമച്ചം മുതലായവ വളർന്നു പന്തലിച്ച് പക്ഷിമൃഗാദികൾക്കും  പൂമ്പാറ്റകൾക്കും ഇണങ്ങിയ ആവാസ വ്യവസ്ഥയാണ് ഇവിടം.തൊണ്ടര്‍നാട് കോറോം ശാന്തീവനമാണ് തദ്ദേശ സ്ഥാപന തലത്തിൽ സംസ്ഥാനത്തെ അഞ്ചാം സ്ഥാനം നേടിയ പച്ചത്തുരുത്ത്. നാരങ്ങച്ചാൽ മലനിരകളിലെ തെരുവകുന്നുകളിലെ രണ്ട് ഏക്കർ സ്ഥലമാണ് 2019 മുതൽ പച്ചത്തുരുത്തിനായി തെരഞ്ഞെടുത്തത്. 1500 ഓളം വ്യത്യസ്ത ഇനം മരങ്ങളും ചെടികളും ഇവിടെ പരിപാലിച്ചു പോരുന്നു.തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന പച്ചത്തുരുത്ത് സമ്മാനദാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം ബി രാജേഷ്, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ പങ്കെടുത്തു.