സംസ്ഥാനസര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും സംഘടിപ്പിച്ച വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ക്ക് ജില്ലയില്‍ സെപ്തംബര്‍ 22 ന് തുടക്കമാകും. ഒക്ടോബര്‍ 20 നകം ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളില്‍ വികസന സദസ്സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വികസന സദസ്സുമായി ബന്ധപ്പെട്ട ജില്ലയിലെ ക്രമീകരണങ്ങൾ ആലോചിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച തദ്ദേശസ്ഥാപന പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം.

തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്ന കാലയളവാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. കേരളം ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഇനി ആവശ്യമുള്ള വികസനം സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമാണ് എല്ലാ തദ്ദേശ സ്ഥാപനതലത്തിലും വികസന സദസ്സ് സംഘടിപ്പിക്കുന്നത്. സമയബന്ധിതമായി മികച്ച രീതിയില്‍ ജില്ലയില്‍ വികസനസദസ്സ് സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സെപ്തംബർ 22ന് ആരംഭിച്ച് ഒക്ടോബർ 20 ഓടുകൂടി പൂർത്തിയാകുന്ന രീതിയിലാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. 22ന് മുഖ്യമന്ത്രി വികസന സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. തദ്ദേശസ്ഥാപന പരിധിയിലെ എല്ലാ വാർഡുകളിൽ നിന്നുമുള്ള ജനങ്ങളുടെയും സമൂഹത്തിൻ്റെ വിവിധതുറകളിൽ നിന്നുള്ളവരുടെയും സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം സദസ്സില്‍ ഉറപ്പുവരുത്തും. രാവിലെ ആരംഭിച്ച് ഉച്ചയോടു കൂടി പൂർത്തിയാകുന്ന തരത്തിലാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളും പങ്കെടുക്കും. പരിപാടിയിൽ എം.എൽ.എമാര്‍, തദ്ദേശസ്ഥാപന ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവർക്ക് പുറമേ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മറ്റ് വിശിഷ്ട വ്യക്തികൾ, സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവര്‍ എന്നിവരെയും പങ്കെടുപ്പിക്കും. സദസ്സില്‍ വെച്ച് അതത് തദ്ദേശസ്ഥാപനത്തിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ പദ്ധതികളുടെ ഭാഗമായി ഭൂമി വിട്ടുനൽകിയവർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങി വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ വേദിയിൽ ആദരിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായവും നിർദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനുള്ള ചർച്ചയാണ് വികസന സദസ്സിലെ മറ്റൊരു പ്രധാനപരിപാടി. സംസ്ഥാനത്തിൻ്റെ പൊതുവായ വികസനവും തദ്ദേശ സ്ഥാപന തലത്തിലെ വികസന നിർദ്ദേശങ്ങളും ഈ സെക്ഷനില്‍ ചർച്ച ചെയ്യും. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഓരോ തദ്ദേശസ്ഥാപനങ്ങളും വികസനസദസ്സിനായി തയ്യാറാക്കിയ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. വികസനസദസ്സുമായി ബന്ധപ്പെട്ട് ഫോട്ടോ പ്രദർശനം, മിനി എക്സിബിഷൻ, കെ-സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ക്ലിനിക്ക് എന്നിവയും സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സ‌ണും ജില്ലാ കളക്ടർ കോ ചെയർമാനും തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കൺവീനറും, ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് വികസന സദസ്സിന്റെ ജില്ലാതല മേല്‍നോട്ടം വഹിക്കുന്നത്.

യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിന്‍സ് സി തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ സി. ഷിബു, പി ആര്‍ ഡി അസി. എഡിറ്റര്‍ ടി എ യാസിര്‍, ജില്ലയിലെ നഗരസഭ ചെയര്‍പെഴ്സണ്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.