കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ ക്യാമ്പയിന് തുടക്കമായി.ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത നിർവഹിച്ചു.

കുടുംബരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ രണ്ട് വരെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സ്ക്രീനിംഗ് നടത്തും. 2026 മാർച്ച്‌ എട്ട് വനിത ദിനം വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രത്തിൽ പ്രത്യേക സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കും.വിളർച്ച, പ്രമേഹം, രക്തസമ്മർദ്ദം, തുടങ്ങിയ വിവിധ തരം പരിശോധനകളും കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളും, ഗർഭകാല പരിചരണം, മുലയൂട്ടൽ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ബോധവത്കരണവും നൽകും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ വരദൂർ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ പി സിത്താര, പിഎച്ച്എൻ ജോസി ജോസഫ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാനിവാസ് വാഴയിൽ, തുടങ്ങിയവർ സംസാരിച്ചു.