സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘സമം 2025’ വനിതാ കലോത്സവം നടത്തി. ആലത്തൂര്‍ ആലിയ മഹലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, സോഷ്യല്‍ മീഡിയയിലെ ചൂഷണങ്ങള്‍, ഗാര്‍ഹിക-സ്ത്രീധന പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സ്‌കിറ്റുകളും നൃത്തങ്ങളും ലിംഗസമത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടികളും കലോത്സവത്തിന്റെ ഭാഗമായി അരങ്ങേറി. 31 ഇനങ്ങളില്‍ 245 കലാകാരികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കൂടാതെ പങ്കെടുത്ത എല്ലാ വനിതകള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ആലത്തൂര്‍ സി.ഡി.പി.ഒ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.വി. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
