ഹോട്ടലുകള്‍ ആരോഗ്യദായകമായ ഭക്ഷണം നല്കാന് ശ്രദ്ധിക്കണം – മുഖ്യമന്ത്രി
അര്‍ബുദ രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ത്രിതല കാന്‍സര്‍ സെന്ററും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അത്യാധുനിക പഠന സൗകര്യങ്ങള്‍ അടങ്ങിയ പുതിയ ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്സും മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തിന് സമര്‍പ്പിച്ചു. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കാളജി, റേഡിയേഷന് ഓങ്കോളജി എന്നീ വിഭാഗങ്ങള്‍ ഒരു സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കാന്‍സര്‍ സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്ന മലബാറിലെ അര്‍ബുദ രോഗികള്‍ക്ക് വലിയ ആശ്വാസമാണെന്ന് കോളെജ് ക്യാപസിലെ അറോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ 44.5 കോടി രൂപ ചെലവില്‍ 15,000 ച. അടിയുള്ള കാന്‍സര്‍ സെന്ററില്‍ ഒരേസമയം 50 പേര്‍ക്ക് കീമോ തെറാപ്പി നല്‍കാനാകും. സര്‍ജിക്കല്‍ ഓങ്കോളജിയില്‍ രണ്ട് മോഡുലര്‍ തിയേറ്ററുകള്‍ ഒരുക്കിയതിനാല്‍ ഓപ്പറേഷനുള്ള നീണ്ട കാത്തിരിപ്പ് അവസാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികവിന്റെ രംഗങ്ങളിലെല്ലാം ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളം കാന്‍സറിന്റെ കാര്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണമെന്നത് ആശങ്കാജനകമാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷവും 50,000 പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഒരു ലക്ഷം പേരില്‍ 161 പുരുഷ•ാരും 165 സ്ത്രീകളും കാന്‍സര്‍ രോഗികളാണ്. കാന്‍സര്‍ ചികിത്സക്കായി 80,000 രോഗികളാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ഒ.പിയില്‍ മാത്രം ഒരു വര്‍ഷമെത്തുന്നത്. ഇവരില്‍ 5000 പേര് പുതുതായി രോഗത്തിന് അടിപ്പെടുന്നവരാണ്. ലഹരി വസ്തുക്കളുടെ വന്‍ തോതിലുള്ള ഉപയോഗവും ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും വ്യാപകമാകുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരവുമാണ് അര്‍ബുദ വ്യാപനത്തിന് പ്രധാന കാരണമാകുന്നതെന്ന് പിണറായി വിജയന് പറഞ്ഞു. ഭക്ഷണ കാര്യത്തില്‍ കുറെക്കൂടി ബോധവത്ക്കരണം ആവശ്യമുണ്ട്. ഹോട്ടലുകളില്‍ ആരോഗ്യദായകമായ ഭക്ഷണം ലഭിക്കുന്നതിന് ശ്രദ്ധ വേണമെന്നും ഹോട്ടലുകളുടെ നിലവാരം കൂടിയതു കൊണ്ടും മാത്രം ഭക്ഷണം ആരോഗ്യപൂര്‍ണമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്ത് കോടി രൂപ ചെലവില്‍ അഞ്ച് നിലകളിലായി 4722 ച. മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്സ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച 12 പി.ജി വിദ്യാര്‍ഥികള്‍, മൂന്ന് സീനിയര്‍ റെസിഡന്റുമാര്‍ എന്നിവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വര്‍ണ മെഡല്‍ വിതരണവും മികച്ച ഡോക്ടര്‍ക്കുള്ള സര്‍ക്കാര്‍ പുരസ്കാരം ലഭിച്ച പ്രിന്‍സിപ്പല്‍ ഡോ.വി.ആര് രാജേന്ദ്രനുള്ള ഉപഹാര സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.കെ രാഘവന് എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി, പ്രിന്‍സിപ്പല്‍ ഡോ.വി. രാജേന്ദ്രന്, ഡോ.ടി. അജയ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.