ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു. പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടന്ന ശില്പശാല ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറർ കെ ജയപാലൻ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ സർഗശേഷിയും മികവും വളർത്തുന്നതിനായി രണ്ട് ദിവസങ്ങളിലായാണ് ശില്പശാല നടക്കുക.
വിവിധ വിഷയങ്ങളിൽ ക്ലാസുകളും കലാപരിപാടികളുമുണ്ട്.ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണം, അനാഥരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായുള്ള സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ദ്ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കൺവാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍, സ്പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് ശിശുക്ഷേമ സമിതി നടത്തിവരുന്നത്.കൽപ്പറ്റ നഗരസഭ കൗൺസിലർ സി കെ ശിവരാമൻ അധ്യക്ഷനായ പരിപാടിയിൽ ശിശുക്ഷേമ സമിതി വയനാട് ജില്ലാ സെക്രട്ടറി കെ രാജൻ, ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ കെ സത്യൻ, കർഷകസംഘം ജില്ലാ ജോയിൻ സെക്രട്ടറി വി ഹാരിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ജിതിൻ, എൻ ഉണ്ണികൃഷ്ണൻ, കെ വിനോദ്, ഗീത, കുട്ടികളുടെ പ്രതിനിധികളായി മിഥിലജ, മാളവിക അനിൽ എന്നിവർ പങ്കെടുത്തു.