സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് നിയസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഉത്തര മലബാറിലെയും കണ്ണൂരിലെയും സിനിമാപ്രേമികള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനുള്ള ഇടമായി തലശ്ശേരി മാറുമെന്ന് സ്പീക്കര്‍ പറഞ്ഞു.
ഒക്ടോബര്‍ 16,17,18,19 തീയതികളില്‍ തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തിലാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 31അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യന്‍ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലിബര്‍ട്ടി പാരഡൈസ്, ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസ്, ലിബര്‍ട്ടി സ്യൂട്ട് തിയറ്ററുകളിലായി ഒരേ സമയം 1200 പേര്‍ക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കും. ഒരു ദിവസം അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.
ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയും ആണ്. രജിസ്ട്രേഷന്‍ ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ആരംഭിക്കും. ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. ലിബര്‍ട്ടി തിയറ്ററില്‍ നിന്നും സംഘാടക സമിതി ഓഫീസില്‍ ഓഫ്‌ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, ട്രഷറര്‍ സരീഷ് ലാല്‍, എസ്.കെ അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
