‘കടലും കരയും ചേരുന്ന ഭാവി വികസനകേന്ദ്രം’ എന്ന് വിശേഷിപ്പിക്കാവുന്ന അഴീക്കോട്, കേരളത്തിന്റെ വികസന ഭൂപടത്തിൽ പ്രധാനപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ടൂറിസം, തീരദേശ ഹൈവേ, അന്താരാഷ്ട്ര നിലവാരത്തിലുള്ള തുറമുഖം, മത്സ്യ ബന്ധന മേഖലയിൽ മലബാറിന്റെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാർബർ, ഫിഷ് ലാൻഡിംഗ് സെന്റർ എന്നീ പദ്ധതികൾക്ക് സർക്കാരിന്റെ കൂടി സഹായം ചേർന്ന് ജില്ലയുടെതന്നെ സാമ്പത്തിക-സാംസ്‌കാരിക വളർച്ചയുടെ കേന്ദ്രീകൃത കേന്ദ്രമായി മാറാൻ പോവുകയാണ് അഴീക്കോട്.
ചാൽ ബീച്ചിന് ബ്ലൂ ഫ്ലാഗിന്റെ നേട്ടം
അഴിക്കോടിന്റെ മുഖമുദ്രയായ ചാൽ ബീച്ച് ബ്ലൂ ഫ്ലാഗ് അംഗീകാരം കരസ്ഥമാക്കി. ഡെൻമാർക്ക് ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ നൽകുന്ന ഈ അംഗീകാരം ഇന്ത്യയിൽ 13 ബീച്ചുകൾക്കും മാത്രമാണ് ലഭിച്ചത്. കേരളത്തിൽ കാപ്പാടിന് ശേഷമാണ് ചാൽ ബീച്ചിന് ഈ നേട്ടം ലഭിച്ചത്. സുരക്ഷിതമായ 300 മീറ്റർ നീളമുള്ള നീന്തൽ മേഖല, സ്ഥിരമായ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, രണ്ട് ലൈഫ് ഗാർഡുകൾ, ഏഴ് കുടുംബശ്രീ വളണ്ടിയേഴ്സ് എന്നിവ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നു. വാട്ടർ എ.ടി.എം, ബട്ടർഫ്‌ളൈ പാർക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് നിർമാർജ്ജന പദ്ധതി, ഹെർബൽ ഗാർഡൻ എന്നിവയാണ് ചാൽ ബീച്ചിന്റെ പ്രത്യേകതകൾ. സ്വാഭാവിക സൗന്ദര്യം നിലനിർത്തിക്കൊണ്ട് നടപ്പാക്കിയ ഈ പദ്ധതികൾ അഴിക്കോട് വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിക്കുന്ന കേന്ദ്രമായി മാറി.
തീരദേശ ഹൈവേ
അഴിക്കോട് ചാൽ പാലക്കോട്-പയ്യാമ്പലം മീൻകുന്ന് വഴിയുള്ള തീരദേശ ഹൈവേ പദ്ധതി, പ്രദേശത്തെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ടൂറിസം മേഖലക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ഗ്രാമീണ മേഖലകളെ വികസനത്തിന്റെ ദേശീയ ധാരയിലേക്ക് കൂട്ടിക്കൊണ്ടുവരാനും ഇതു സഹായകമാകും.
മലബാർ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ തുറമുഖം
സംസ്ഥാന സർക്കാർ ഇതിനായി 5000 കോടി രൂപ ബജറ്റിൽ വകയിരുത്തി. നിലവിൽ കേന്ദ്രസർക്കാരിന്റെ 20ഓളം അനുമതികൾക്കായി അപേക്ഷിച്ചിരിക്കുകയാണ്. അഹമ്മദാബാദ് ആസ്ഥാനമായ ഹവായി എഞ്ചിനീയറിംഗ് തയ്യാറാക്കുന്ന ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഉത്തര മലബാറിന്റെ വ്യാവസായിക, വ്യാപാര, ടൂറിസം വളർച്ചയിൽ വലിയൊരു കുതിച്ചു ചാട്ടത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്. നിലവിലുള്ള അഴീക്കൽ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പുതിയ ഗ്രീൻഫീൽഡ് തുറമുഖം വരുന്നത്. റയിൽ-റോഡ് കണക്ഷൻ ഉൾപ്പെടുന്ന തുറമുഖം നിർമ്മിക്കപ്പെടുന്നത് കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പിന് സമീപം. ഏഴ് മുതൽ 12 മീറ്റർ വരെ ആഴമുള്ള സമുദ്രപ്രദേശം വലിയ കപ്പലുകൾക്കും അനായാസം എത്താൻ അനുയോജ്യമാണ്.
2011-16 സർക്കാർ തുടക്കം കുറിച്ച പദ്ധതി, തുടർന്ന് മന്ദഗതിയിലായിരുന്നുവെങ്കിലും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീണ്ടും വേഗത്തിലായി. നിലവിലെ തുറമുഖം ചരക്ക് ഗതാഗതത്തിലൂടെ സജീവമായി തുടങ്ങിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ പത്ത് തവണക്കൂടി കപ്പൽ ഗതാഗതം നടന്നത് വികസന കുതിപ്പിന് വലിയ ആത്മവിശ്വാസമായി. കണ്ണൂരിനു പുറമെ, കാസർകോട്, വയനാട്, കർണാടകയിലെ കുടക് ജില്ലകളിൽ നിന്നുള്ള ചരക്കുകൾ വിദേശ രാജ്യങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും അസംസ്‌കൃത വസ്തുക്കളും വിവിധ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യാനും പുതിയ തുറമുഖം വരുന്നതോടെ സാധ്യമാവും. തുറമുഖ പ്രദേശം മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനും സാധിക്കും. കണ്ണൂരിന്റെ പ്ലൈവുഡ്, കൈത്തറി ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്താൻ തുറമുഖം വഴിയൊരുക്കും. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ കുറഞ്ഞ ചെലവിൽ എത്തിക്കാനും സാധിക്കും. തുറമുഖ പ്രദേശം തന്നെ ടൂറിസം ഹബ് ആയി ഉയരും.
നബാർഡിന്റെ 26 കോടി രൂപ ചെലവിൽ അഴീക്കോട്ട് ഒരുങ്ങുന്ന മലബാറിലെ ഏറ്റവും വലിയ ഹാർബർ, മത്സ്യതൊഴിലാളികളുടെ സ്വപ്നമായ ഫിഷ് ലാൻഡിംഗ് സെന്റർ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് യാഥാർഥ്യമാകാനൊരുങ്ങുന്നത്.
