മീന്‍ മുള്ളുകൊണ്ടൊരു മാലയിട്ടാലോ…? അല്ലെങ്കില്‍ വേണ്ട, ഒരു കമ്മലാകാം!… മുഖം ചുളിക്കാന്‍ വരട്ടെ…കന്യാകുമാരി മറക്കുടിതെരുവ് സ്വദേശി ആര്‍.എസ് ബിനുവിന്റെ കരവിരുതില്‍ മീന്‍ മാലിന്യങ്ങളില്‍ നിന്ന് വിരിയിച്ചെടുത്ത് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ കാണുമ്പോള്‍ ആരുമൊന്ന് കൊതിക്കുമെന്നത് സത്യമാണ്. റോയല്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ ആരംഭിച്ച കൈരളി ക്രാഫ്റ്റ് ഫെസ്റ്റിനെത്തുന്ന ആളുകളുടെ പ്രധാന ആകര്‍ഷണമാണ് ബിനുവിന്റെ ഈ ഉത്പന്നങ്ങള്‍. മീനിന്റെ ചെതുമ്പല്‍, മുള്ള്, തോട് എന്ന് വേണ്ട പാഴാക്കി കളയുന്ന സാധനങ്ങള്‍ മീന്‍ചന്തയില്‍ നിന്നും ശേഖരിച്ചാണ് ബിനു കമ്മല്‍, നെക്ലേസ്, മാല , ലൈറ്റ് ലാമ്പ്സ് തുടങ്ങിയവ നിര്‍മ്മിച്ച് ആളുകളെ വിസ്മയിപ്പിക്കുന്നത്. നൂറു രൂപ മുതല്‍ വിലയുള്ള ”മീന്‍ കമ്മല്‍” തന്നെയാണ് ഫെസ്റ്റിലെ മുഖ്യആകര്‍ഷണം. മീന്‍ മാലിന്യം കൊണ്ടുണ്ടാക്കുന്നതെന്ന് കരുതി മണമോ മറ്റോ ഇവയ്ക്കുണ്ടാകുമെന്ന് കരുതേണ്ട. രാസവസ്തുക്കളില്‍ രണ്ട് ദിവസം മുക്കി വച്ച് വൃത്തിയാക്കിയ ശേഷമാണ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കാവുന്ന എല്ലാ ചെറുകിട ഉല്‍പ്പന്നങ്ങളും മീന്‍ മാലിന്യം കൊണ്ട് നിര്‍മിക്കാന്‍ കഴിയുമെന്ന് പറയുമ്പോള്‍ ബിനുവിന്റെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം. പ്ലാസ്റ്റിക് സാധനങ്ങള്‍ നമ്മുടെ നാടിന് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്തരം ഉത്പന്നങ്ങളുമായി എത്തി ഫെസ്റ്റില്‍ ബിനു ഇടംപിടിച്ചത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബിനു പന്ത്രണ്ട് വര്‍ഷമായി മീന്‍ മാലിന്യത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയിട്ട്. ഇതു മാത്രമല്ല, ഷെല്‍സ് ഉപയോഗിച്ചും ബിനു ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. കീ ചെയിന്‍ മുതല്‍ വലിയ ശില്‍പങ്ങള്‍ വരെയാണ് ഷെല്‍സുപയോഗിച്ച് നിര്‍മ്മിക്കുന്നത്. പ്രൊഹിബിറ്റഡ് മറൈന്‍ ആനിമല്‍സ് അണ്ടര്‍ വൈല്‍ഡ് ലൈഫ് (പ്രൊട്ടക്ഷന്‍) 1972 ല്‍ ഉള്‍പ്പെട്ടിട്ടുള്ള ഷെല്ലുകള്‍ ഒഴിവാക്കിയാണ് വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ഇതിന്റെ പട്ടികയും ബിനുവിന്റെ കൈവശമുണ്ട്. ഇത് കൂടാതെ വലംപിരിശംഖ്, ഏനമുള്ളി ശംഖ്, ഗണപതിശംഖ്, കൗഡി, പാല്‍ശംഖ് എന്നിങ്ങനെ ശംഖുകളുടെ ഒരു വലിയ ശേഖരവും ബിനു വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. വലംപിരിശംഖിന് വലിപ്പമനുസരിച്ച് 300 മുതല്‍ 2500 വരെയാണ് വില. ഇത് കൂടാതെ, ബിനു സ്വയം നിര്‍മ്മിച്ച കുഷ്യന്‍, ഷീറ്റ് എന്നിവയും വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. പഴയ മെത്തയുടെ വേസ്റ്റുപയോഗിച്ചാണ് കുഷ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ജോഡി ബോള്‍സ് കുഷ്യന് 400 രൂപയും ചതുരത്തിലുള്ള കുഷ്യന് ഒന്നിന് 150 രൂപയുമാണ് വില. ഇവിടെയൊന്നും തീരുന്നില്ല ബിനുവിന്റെ കരവിരുതുകള്‍. പനയോലകൊണ്ടുള്ള കൊട്ടകള്‍, തൊപ്പികള്‍, പെയിന്റിംഗ് എന്നിവയും വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ബിനുവിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ തന്റെ രസക്കൂട്ടുകള്‍ പകര്‍ന്ന് നല്‍കാനും ബിനു എത്തുന്നുണ്ട്.