ചെങ്ങന്നൂർ : ചെങ്ങന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി.ഭിന്നശേഷിക്കാരെ ശക്തിപ്പെടുത്തുക, ഉൾച്ചേർക്കുക, സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരാചരണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർവതോമുഖമായ വളർച്ച മുൻനിർത്തി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ മൂന്നിനാണ് ഭിന്നശേഷിദിനം ആചരിക്കുന്നത്. നവംബർ 27 ന് തുടങ്ങി ഡിസംബർ 3 വരെയാണ് വാരാചരണം. വാരാചരണത്തോടനുബന്ധിച്ച് സമഗ്രശിക്ഷ കേരളം വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു.
വിദ്യാലയപ്രവർത്തനങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾതലത്തിൽ യു.പി വിഭാഗം ചിത്രരചന, പോസ്റ്റർരചന, എച്ച്.എസ് വിഭാഗം ഉപന്യാസരചന മത്സരങ്ങൾ നടത്തി. വിളംബര റാലി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണടകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് ്പ്രസിഡന്റ് വിവേക് നിർവ്വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ .ജി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധികൾ, ക്ലസ്റ്റർ കോ-ഓഡിനേറ്റർമാർ, റിസോഴ്സ് അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.