ചെങ്ങന്നൂർ : ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ പമ്പയാറ്റിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഒന്നാം വാർഡ് സാനിട്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണമായി നീക്കം ചെയ്തു. . പ്രളയം കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ പാണ്ടനാട്ടിലെ കുത്തിയതോട് പാലത്തിനടിയിൽ കുന്നുകൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്രളയത്തെ തുടർന്ന് പാലത്തിന്റെ വശങ്ങളിൽ മാലിന്യമടിഞ്ഞ് ദുർഗന്ധ വമിക്കുന്ന നിലയിലായിരുന്നു. ഇതോടെ പ്രദേശത്തെ എഴുപതോളം കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമായിരുന്നു. നീരൊഴുക്ക് തടസപ്പെട്ട പമ്പയാറ് കൂട്ടായ പരിശ്രമത്തിലൂടെയാണ് ശുചിയാക്കിയത്.പാലത്തിനോട് ചേർന്ന് വിശാലമായ പടവുകളോടുകൂടിയ കുളിക്കടവും മാലിന്യം നിറഞ്ഞുപയോഗിക്കാനാകാത്ത സ്ഥിതിയിലായിരുന്നതും മാലിന്യമുക്തമാക്കി. നവീകരണപ്രവൃത്തികൾക്ക് ഗ്രാമ പഞ്ചായത്ത് അംഗം ഷെർളി മാത്യു, ജെ.എച്ച്.ഐ ബിജു, ജെ.പി.എച്ച്.എന്മാരായ നൈജ, എൻ.ലത, കുഞ്ഞുമോൾ, സാനിട്ടേഷൻകമ്മറ്റി അംഗങ്ങൾ,നാട്ടുകാർ എന്നിവർ നേതൃത്വം നൽകി. രണ്ടുദിവസം കൊണ്ടാണ് പമ്പാനദിയും പരിസരവും ശുചിയാക്കിയത്.
