കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. വൈത്തിരി പാരീഷ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ വികസന മുന്നേറ്റങ്ങളുടെ ഫലമായി ഗ്രാമീണ മേഖലയിലടക്കം അടിസ്ഥാന,പശ്ചാത്തല, വിദ്യാഭ്യാസ, ആരോഗ്യ-സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ഗണ്യമായ പുരോഗതി സാധ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ പഞ്ചായത്ത് നടപ്പാക്കിയ നേട്ടങ്ങള്‍ വികസന സദസ്സില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ലൈഫ് പദ്ധതിക്കായി തയ്യാറാക്കിയ പട്ടികയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കിയ നേട്ടം വൈത്തിരിക്ക് സ്വന്തമാണ്. 310 വീടുകളാണ് ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീയാക്കിയത്. പഞ്ചായത്തില്‍ കണ്ടെത്തിയ ആകെ 29 അതിദാരിദ്ര കുടുംബങ്ങളില്‍ 28 പേരെയും ദാരിദ്ര്യമുക്തരാക്കി. ഡിജി കേരളം പദ്ധതിയില്‍ 4680 വീടുകളില്‍ നിന്ന് 1869 പഠിതാക്കളെ കണ്ടെത്തി എല്ലാവരെയും സാക്ഷരരാക്കി 100 ശതമാനം വിജയം കൈവരിച്ചു.

വാതില്‍പ്പടി മാലിന്യശേഖരണത്തില്‍ നൂറു ശതമാനം നേട്ടം കൈവരിച്ചു. എല്ലാ വാര്‍ഡുകളിലും ഹരിതമിത്രം ആപ് ഉപയോഗിക്കുന്ന പഞ്ചായത്തില്‍ ക്ലീന്‍ കേരള കമ്പനി മുഖേന 420 ടണ്‍ അജൈവ മാലിന്യമാണ് കൈകാര്യം ചെയ്യുന്നത്. കെ-സ്മാര്‍ട്ടിലൂടെ 3526 സേവനാവശ്യങ്ങള്‍ ലഭിച്ചതില്‍ 2527 ഫയലുകളും തീര്‍പ്പാക്കി. വിജ്ഞാന കേരളം തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 205 പേരില്‍ 104 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് വൈത്തിരി പഞ്ചായത്ത് നടത്തുന്നത്. 1020 രോഗികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

പശ്ചാത്തല, അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ മനുഷ്യ-വന്യമൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ജനകീയ ഫെന്‍സിങ്, കുട്ടികളിലെ പോഷകാഹാരം ഉറപ്പാക്കാന്‍ പോഷണ്‍ വൈത്തിരി, ഐ ഫാം എന്ന പേരില്‍ സുരക്ഷിത കൃഷിരീതി, ആരോഗ്യ സംരക്ഷണ, മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, സ്ത്രീ -വയോജന സൗഹൃദ പഞ്ചായത്ത് എന്നിവ സംസ്ഥാനത്തിന് മാതൃകയാണ്. പഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെല്ലാം വീട് ലഭ്യമാക്കി ഉയര്‍ന്ന ജീവിത സാഹചര്യം ഉറപ്പാക്കാന്‍ സാധിച്ചു.

ഓപ്പണ്‍ ഫോറത്തില്‍ വൈത്തിരി ടൗണിനെ പരിസ്ഥിതി സൗഹൃദ, ഉത്തരവാദിത്ത ടൂറിസത്തില്‍ മാതൃകയാക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായി. ലക്കിടിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വൈത്തിരിയില്‍ സൂപ്പര്‍ ക്ലാസ് ബസ് സ്റ്റോപ്പ്, ടൂറിസം ബസ് സര്‍വീസ് തുടങ്ങീയ ആവശ്യങ്ങളും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു. വൈത്തിരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോം കെയര്‍ സേവനത്തില്‍ ഡോക്ടര്‍മാരുടെ ഫിസിയോതെറാപ്പിസ്റ്റുകളുടെയും സേവനം ഉറപ്പാക്കാനും ആവശ്യപ്പെട്ടു.

കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ ഗുണമേന്മയുള്ള തൈ വിതരണം, കാപ്പി കൃഷി പ്രോത്സാഹനം, കന്നുകാലികള്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കല്‍ പദ്ധതി ആവിഷ്‌കരിക്കല്‍ തുടങ്ങീയ നിര്‍ദ്ദേശങ്ങളും ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിച്ചു. യുവതലമുറയെ ലഹരി ഉപയോഗങ്ങളില്‍ നിന്ന് വിട്ടുനിര്‍ത്താന്‍ കായിക വിനോദങ്ങള്‍ക്ക് ഗ്രൗണ്ട്, സാംസ്‌കാരിക നിലയങ്ങള്‍, വായനശാലകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷയായ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷ കുമാരി, എല്‍സി ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഒ ദേവസി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വിമല്‍ രാജ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി. ബൈജു, വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എസ് സജീഷ്, ജൂനിയര്‍ സൂപ്രണ്ട് സോബിന്‍ സെബാസ്റ്റ്യന്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.