10.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം മാത്രമുള്ള ഒരു ചെറുപ്രദേശത്തെ വികസനത്തിന്റെ വിഹായസ്സിലേക്ക് ഉയർത്തിയ പ്രവർത്തനങ്ങളുടെ കാഴ്ചകളുമായി ധർമ്മടം പഞ്ചായത്ത് വികസന സദസ്സ്. തലശ്ശേരി ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് ജില്ലാപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ച് കൊല്ലം കൊണ്ട് സാധ്യമായതിന്റെ 10 മടങ്ങിലധികം തുക വികസനത്തിനായി വിനിയോഗിക്കാൻ ധർമ്മടം പഞ്ചായത്തിന് കഴിഞ്ഞത് മറ്റു തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ കയ്യൊപ്പാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയത്. സ്കൂളുകളുടെ അടിസ്ഥാന പ്രവർത്തനങ്ങൾക്കായി പ്രതിവർഷം ഒൻപത് ലക്ഷം രൂപ വീതം മാറ്റിവച്ചു അങ്കണവാടികളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ 36.99 ലക്ഷം രൂപയും പോഷകാഹാരത്തിന് 27.31 ലക്ഷം രൂപയും ചെലവഴിച്ചു.
ഗവ. ബ്രണ്ണൻ കോളേജ് ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളിക്കളം, ലൈബ്രറി, കെട്ടിടങ്ങൾ തുടങ്ങി നിരവധി പ്രവൃത്തികൾക്ക് പഞ്ചായത്ത് തുക അനുവദിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങൾ, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ എന്നിവയിലെ മികച്ച പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന് കൈയ്യൊപ്പ് പതിപ്പിക്കാനായി. സ്ത്രീപദവി പഠനം, ജനകീയ വൈവിധ രജിസ്റ്റർ തയ്യാറാക്കൽ തുടങ്ങി വേറിട്ട പ്രവർത്തനങ്ങളും പഞ്ചായത്ത് പൂർത്തീകരിച്ചു. കാർഷിക മേഖലയുടെ അഭിവൃധിക്കായി 1.2 കോടി രൂപ ചെലവഴിച്ചു. മൃഗസംരക്ഷണ മേഖല, മത്സ്യമേഖല എന്നിവക്കും പ്രത്യേക കരുതലും പദ്ധതികളും നടപ്പാക്കി. ഇങ്ങനെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസനപ്രവർത്തനങ്ങളുടെ സമഗ്ര ചിത്രമാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്.
ഹരിതകർമ്മസേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. രവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. ഷീജ, ബ്ലോക്ക് മെമ്പർ കെ. സീമ, ബ്രണ്ണൻ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. വിനോദൻ നാവത്ത്, ജൂനിയർ സൂപ്രണ്ട് കെ. പ്രശാന്തൻ എന്നിവർ സംസാരിച്ചു.
വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് കില ബ്ലോക്ക്തല കോ ഓർഡിനേറ്റർ പി.വി രത്നാകരൻ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ധർമ്മടംപഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്ത് സെക്രട്ടറി എ. പി. ജോർജ് അവതരിപ്പിച്ചു.
ധർമ്മടത്തിന്റെ വികസനം അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും ഓപ്പൺ ഫോറത്തിൽ ഉയർന്നു. അന്ധവിശ്വാസം ഇല്ലാതാക്കുന്നതിനും ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുന്നതിനുമായി ബ്രണ്ണൻ കോളേജുമായി സഹകരിച്ച് സയൻസ് കമ്മ്യൂണിക്കേഷൻ സെന്റർ ആരംഭിക്കുക, വാന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുക, കൃഷി ശാസ്ത്രീയമായി നടപ്പാക്കുന്നതിനായി സംവിധാനങ്ങൾ ഏർപ്പെടുത്തുക, പോർട്ടബിൾ വാതക ശ്മശാനം സ്ഥാപിക്കുക, പൊതു കൺവെൻഷൻ സെന്റർ നിർമ്മിക്കുക, ധർമ്മടം റെയിൽവേ സ്റ്റേഷനിൽ അടിപ്പാത നിർമ്മിക്കുക, ധർമ്മടത്തിന്റെ ചരിത്രം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കുക, ധർമ്മടത്ത് ബിനാലെ മാതൃകയിൽ പ്രദർശനം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഓപ്പൺ ഫോറത്തിൽ ഉയർന്നത്. പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ മോഡറേറ്ററായി.
