താനൂർ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതു തെളിവെടുപ്പും ഹിയറിങ്ങും നടത്തി. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ജലഗതാഗത മേഖലയിൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യുന്നതിനാണ് ഹിയറിങ്ങിന്റെ രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ പറഞ്ഞു. നിലവിലുള്ള ലൈസൻസിങ്, എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാം. അല്ലെങ്കിൽ ആവശ്യമായ ശുപാർശകൾ കമ്മീഷനുമുൻപാകെ സമർപ്പിക്കാം. ഇതുപോലെ മുൻകാലങ്ങളിൽ സംഭവിച്ച ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൻ മേൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികളുടെ പര്യാപ്തതയും കമ്മീഷൻ അവലോകനം ചെയ്യും.

ബോട്ടുകളുടെ സർവീസ് സംബന്ധിച്ച് തദ്ദേശ സ്ഥാപനതലത്തിൽ മോണിറ്ററിംഗ് നടത്തണമെന്നും ബോട്ടുകൾക്ക് ലൈസൻസ് ഇല്ലെങ്കിൽ തടയണമെന്നും ഹിയറിങ്ങിൽ നിർദ്ദേശമുയർന്നു. മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ ഹൗസ്‌ബോട്ടുകൾക്കായി ഒരു കൃത്യമായ റൂട്ട് ചാനൽ ഉണ്ടാക്കണം. ടൂറിസം യാനങ്ങൾക്കും മത്സ്യബന്ധന യാനങ്ങൾക്കുമായി സമയക്രമീകരണം കൊണ്ടുവരണം, വാട്ടർ സ്പോട്ടുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനം ഉണ്ടാക്കണം. പുഴകളിലെ പാലത്തിന്റെ പില്ലർ നിർമ്മാണ സമയത്ത് ഉണ്ടായ മൺകൂനകൾ നീക്കം ചെയ്യണം, പുഴയുടെ ആഴം വർദ്ധിപ്പിക്കണം, യാത്രാബോട്ടുകൾ പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും പരമ്പരാഗത മത്സ്യ തൊഴിലാളികൾ കമ്മീഷനോട് ആവശ്യപ്പെട്ടു.

ബോട്ടുകൾ നിർമ്മിക്കുന്നത് സാങ്കേതിക പരിജ്ഞാനമുള്ളവരാണോ എന്ന് ഉറപ്പാക്കണം, മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് യാത്രാബോട്ടായി രൂപമാറ്റം വരുത്തുന്നത് തടയണം. ബോട്ടിൽ യാത്രക്കാരെ അനുവദിക്കുന്ന പരിധി ബോട്ട് നിർമ്മിക്കുന്ന ഘട്ടത്തിൽ തീരുമാനിക്കുകയും എന്നാൽ പിന്നീട് ബോട്ടുകൾക്ക് രൂപമാറ്റം വരുത്തി യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതും ചെയ്യുന്ന പ്രവണത അനുവദിക്കരുത്. കേരളത്തിൽ വാട്ടർ സ്പോട്ട് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണം, കാറ്റിന്റെ സമ്മർദ്ദം ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കുമെന്നതിനാൽ ബാട്ടുകളുടെ ഹള്ള് സ്റ്റീൽ കൊണ്ട് നിർമ്മിക്കണം. ബോട്ട് ഓപ്പറേറ്റർമാർ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ചെക്ക്ലിസ്റ്റ് തയ്യാറാക്കണം. ചെക്ക്ലിസ്റ്റ് പ്രകാരമാണ് സർവീസ് നടത്തുന്നതെന്ന് ഉറപ്പാക്കണം, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ അതിന്റെ ഒരു കോപ്പി പഞ്ചായത്തിന് കൈമാറണം തുടങ്ങിയ നിർദ്ദേശങ്ങൾ കമ്മീഷന്റെ മുമ്പാകെ വന്നു.

എ ഡി എം കലാ ഭാസ്‌ക്കർ, മെമ്പർ സെക്രട്ടറിമാരായ ഡോ കെ.പി നാരായണൻ, അഡ്വ. രമേഷ് കുമാർ, കമ്മീഷൻ കോർട്ട് ഓഫീസർ ജി ചന്ദ്രശേഖരൻ, സ്റ്റാൻഡിങ് കൗൺസിലർ അഡ്വ. ടി.പി രമേശ്, നോഡൽ ഓഫീസർ മുഹമ്മദ് അൻസാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം സംരംഭകർ, ഉൾനാടൻ ജലഗതാഗത മേഖല, മത്സ്യബന്ധന മേഖല എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 23 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കമ്മീഷൻ തെളിവെടുപ്പും ഹിയറിംഗും നടത്തും.