ആലപ്പുഴ: ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പ്രധാനപ്പെട്ടതു തന്നെയെങ്കിലും ജനക്ഷേമം അതിനും മുകളിലാണെന്ന കാഴ്ച്ചപ്പാട് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യൂതാനന്ദൻ. ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ ജനസേവന കാഴ്ച്ചപ്പാടിന് മുൻതൂക്കമുണ്ടാകണം. വകുപ്പുകളിൽ നിന്ന് വകുപ്പുകളിലേക്ക് അനന്തമായുള്ള ഫയലുകളുടെ തട്ടിക്കളി അവസാനിപ്പിക്കണം. പൗര കേന്ദ്രീകൃത സേവനങ്ങൾ സംബന്ധിച്ച ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഭരണ പരിഷ്‌കാര കമ്മീഷൻ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ പരാതി-പരിഹാര സംവിധാനങ്ങൾ അപര്യാപ്തവും, കാര്യക്ഷമത കുറഞ്ഞതുമാണ്. അർഹതപ്പെട്ട സേവനം തേടി സർക്കാർ
ഓഫീസുകൾ കയറിയിറങ്ങുന്ന സാധാരണക്കാരന്റെ വിഷമതകൾ നമുക്കറിയാം. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ, പല മേഖലകളിലും മാറ്റം വന്നിട്ടുണ്ടെങ്കിലും പല മേഖലകളിലും സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിനുള്ള നടപടികൾ ആവശ്യമുണ്ട്. ഭരണപരിഷ്‌കാര കമ്മീഷൻ രൂപീകരിക്കപ്പെട്ടിട്ട് രണ്ടു വർഷം പിന്നിട്ടു കഴിഞ്ഞു. ഇതിനകം വിജിലൻസ് സംവിധാനത്തിന്റെ പരിഷ്‌കരണം, ഉദ്യോഗസ്ഥശേഷി വികസനം, ക്ഷേമനിയമങ്ങളുടെഅവലോകനം എന്നിവ സംബന്ധിച്ച മൂന്ന് റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചു. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ വന്നുകൊണ്ടിരിക്കുന്ന പോരായ്മകളെ സംബന്ധിച്ചും അതിന്റെ പരിഹാരനടപടികളെ സംബന്ധിച്ചുമാണ് ഇപ്പോൾ കമ്മിഷൻ പഠനം നടത്തികൊണ്ടിരിക്കുന്നതെന്ന് വി.എസ്.പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയിൽ, ജനങ്ങളാണ് പരമാധികാരികൾ എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും, ഭരണനിർവ്വഹണ കാര്യങ്ങളിൽ അവർക്ക് ആ പരമാധികാരം ഇല്ല എന്നതാണ് വസ്തുത. സർക്കാരിന്റെ നയങ്ങളും,നടപടികളും എന്താണെന്നു പോലും പലപ്പോഴും പൗരസമൂഹം അറിയുന്നില്ല. നമ്മുടെ ജനാധിപത്യസംവിധാനത്തിലൂടെ രൂപീകരിക്കപ്പെട്ട സർക്കാരിനെ ജനങ്ങളിൽ നിന്നും അകറ്റുന്ന എന്തോ ചിലത് ഈ ഭരണസംവിധാനത്തിനകത്തുതന്നെ നിലനിൽക്കുന്നുണ്ട്. അത് എന്താണെന്ന് കണ്ടെത്തുകയും, സർക്കാർ സേവനങ്ങളെക്കുറിച്ച് പൊതുവായ അവബോധം ജനങ്ങളിലുണ്ടാക്കുകയും ചെയ്യാൻ കമ്മീഷൻ ലക്ഷ്യമിടുന്നു. മനുഷ്യസ്പർശമുള്ള സമീപനത്തോടെ ഫയലുകൾ കൈകാര്യം ചെയ്യാൻ കഴിയണം. തീരുമാനങ്ങളുടെ വേഗം കൂടണം.ത്തിൽ നടപടി എടുക്കാനുള്ളസംവിധാനങ്ങൾ രൂപപ്പെടണം. ന്യായമായും തങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ ചുവപ്പുനാടയിലും, കെടുകാര്യസ്ഥതയിലും, അഴിമതിയിലും കുരുങ്ങി അപ്രാപ്യമാകുന്നു എന്ന പരാതി പരിഹരിക്കപ്പെടണം. ജനങ്ങളുമായി നിരന്തര ബന്ധമുള്ള 30 സർക്കാർ വകുപ്പുകളും, നാല് പൊതുമേഖലാ സ്ഥാപനങ്ങളും എന്തുചെയ്യുന്നു എന്ന് അറിയാനാണ് കമ്മിഷൻ ആദ്യം ശ്രമിച്ചത്.ഈ വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടുയോഗങ്ങളും ചേരുകയുണ്ടായി. ജനങ്ങളാണ് ആത്യന്തികമായി അഭിപ്രായം പറയേണ്ടതും അവകാശങ്ങൾ ഉന്നയിക്കേണ്ടതെന്നും ചെയർമാൻ വ്യക്തമാക്കി. കമ്മീഷനംഗം മുൻ ചീഫ്‌സെക്രട്ടറി സി.പി.നായർ, കമ്മീഷൻ മെമ്പർ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയുമായ ഷീലാ തോമസ,് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.സുഹാസ്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു. നിരവധി മേഖലകളിൽ നിന്ന് വൈവിധ്യമാർന്ന നിർദ്ദേശങ്ങളും ആവശ്യങ്ങളും സിറ്റിങ്ങിൽ ഉന്നയിക്കപ്പെട്ടു.

ജില്ലാപഞ്ചായത്തിന്റെ പരാതിയിൽ തുടക്കം

ആലപ്പുഴ: വി എസ് അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മീഷൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ സിറ്റിംഗിൽ ആദ്യ പരാതി ഉന്നയിച്ചത് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ജി.വേണുഗോപാൽ. തന്റെ പ്രസംഗത്തിനിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ മത്സ്യത്തൊഴിലാളികൾക്കുള്ള തുക ചെലവഴിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധിയാണ് കമ്മീഷന് മുമ്പിൽ പറഞ്ഞത്. തീരദേശ മത്സ്യത്തൊഴിലാളികൾക്കായി പല പദ്ധതികളും ആവിഷ്‌കരിക്കുമ്പോൾ 50 ശതമാനം തുക ഗുണഭോക്താക്കൾ അടയ്ക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാൽ പലപ്പോഴും തുക ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി ജില്ലാപഞ്ചായത്ത് തന്നെ 56 ലക്ഷം രൂപ നീക്കിവെച്ചു. തൊഴിലാളി വിഹിതം ലഭിക്കാത്തതിനാൽ മുന്നോട്ടുപോകാനാവുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 100% സബ്‌സിഡി ആനുകൂല്യം നൽകാൻ സംവിധാനം ഉണ്ടാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പല സർക്കാർ ഓഫീസുകളിലും ഇപ്പോഴും കാലതാമസവും നീതി ലഭിക്കാത്ത സാഹചര്യവും ഉണ്ടെന്ന് കമ്മീഷൻ അംഗം സി പി നായർ യോഗത്തിൽ ചൂണ്ടിക്കാട്ടി. പരാതിക്കാർ സ്ത്രീകളാണെങ്കിൽ നീതി കിട്ടാനുള്ള സാധ്യത തുലോം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ആര്യാട് സ്വദേശി എം കെ നടരാജൻ കമ്മീഷന്റെ മുമ്പിലെത്തിയത് തന്റെ ജീവിതാനുഭവവുമായാണ്. പൊതുവഴിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പരാതികളുമായി 2009 മുതൽ നടക്കേണ്ടിവന്നു. അവസാനം സ്വയം ഹൈക്കോടതി വരെ പോയിട്ടാണ് നടപടികൾ ആയത് . ഒരു സർക്കാർ ഓഫീസിൽ സേവനത്തിന് ചെല്ലുന്ന ഗുണഭോക്താവ് സീറ്റിൽ ആളില്ലെന്ന കാരണത്താൽ പലതവണ കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ കമ്മീഷൻ ശുപാർശ നൽകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വിവരാവകാശത്തെപ്പറ്റിയും സേവനാവകാശ നിയമത്തെപ്പറ്റിയും ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വേണ്ടത്ര അവബോധം ഇല്ലെന്ന് ഒരു പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തീരദേശത്ത് കടൽഭിത്തി നിർമ്മാണം ചുവപ്പുനാടയിൽ കുടുങ്ങി വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മറ്റൊരു പരാതി. മെഡിക്കൽ കോളേജിൽ സേവനം ലഭിക്കുന്നതിനുള്ള കാലതാമസവും ഡോക്ടർമാരുടെ അവഗണനയും സംഘടനാ പ്രതിനിധി കമ്മീഷനു മുമ്പിൽ അവതരിപ്പിച്ചു. വളം, നെല്ല് സബ്‌സിഡി എന്നിവയെല്ലാം കൃഷിവകുപ്പിന് കൊടുക്കാമെങ്കിൽ പുഞ്ചകൃഷിക്കുള്ള പമ്പിങ് സബ്‌സിഡിയും കൃഷി വകുപ്പിനെ ഏൽപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പുഞ്ച സ്‌പെഷ്യൽ ഓഫീസ് നിർത്തലാക്കണമെന്ന് കൃഷിക്കാരുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ ജീവനക്കാരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കമ്മീഷന് മുന്നിൽ അവതരിപ്പിച്ചു.