തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനുവരി ആദ്യം ഉദ്ഘാടനം നടത്തുമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. തലശ്ശേരി നഗരസഭ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരിയെ ലോകടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്. 45 കോടി രൂപയുടെ വിവിധ ടൂറിസം വികസന പദ്ധതികൾ തലശ്ശേരിയുടെ മണ്ണിൽ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി നഗരസഭ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം സ്പീക്കർ പ്രകാശനം ചെയ്തു.
വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് കില ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അബ്ദുൾ ഷുക്കൂർ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ തലശ്ശേരി നഗരസഭ കൈവരിച്ച നേട്ടങ്ങൾ സെക്രട്ടറി എൻ സുരേഷ് കുമാർ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിക്കുകയും പ്രോഗ്രസ് റിപ്പോർട്ട് വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് നഗരസഭയുടെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ്, കുട്ടികൾക്കായി കളിസ്ഥലം, പൊതുപരിപാടിക്കായി പൊതു ഇടങ്ങൾ സ്ഥാപിക്കൽ, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ, കുടിവെള്ള ലഭ്യത, മാലിന്യ സംസ്‌കരണം, ജനറൽ ആശുപത്രി മാറ്റിസ്ഥാപിക്കൽ തുടങ്ങി നഗരസഭയുടെ വികസനത്തിന് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ വികസന സദസ്സിൽ ചർച്ചയായി. നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പുരസ്‌കാര നേട്ടങ്ങളുടെയും ഫോട്ടോ പ്രദർശനവും ശ്രദ്ധാകേന്ദ്രമായി.
തലശ്ശേരി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്‌സൺ കെ.എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. വൈസ് ചെയർമാൻ എം.വി ജയരാജൻ, ചലച്ചിത്ര താരം സുശീൽ തിരുവങ്ങാട്, മുൻ തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺമാരായ സി.കെ രമേശൻ, കാരായി ചന്ദ്രശേഖരൻ, അഡ്വ. മുഹമ്മദ് സലീം, പി.കെ ആശ, ആമിന മാളിയേക്കൽ, കാത്താണ്ടി റസാക്ക്, അഡ്വ. എം.എസ് നിഷാദ്, ബി.പി മുസ്തഫ, വളോറ നാരായണൻ, ജോർജ് പീറ്റർ, എൻ രേഷ്മ, എന്നിവർ സംസാരിച്ചു.
