സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻ ജനപ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവരെ എം എൽ എ ആദരിച്ചു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന കെ.പി മോഹനൻ എം എൽ എയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത ആദരിച്ചു.

വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് റിസോഴ്‌സ് പേഴ്‌സൺ ഇ.കെ പത്മനാഭൻ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോയും പഞ്ചായത്തിന്റെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോയും വേദിയിൽ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി എൻ.കെ സാഗർ അവതരിപ്പിച്ചു. കെ സ്മാർട്ട് ക്ലിനിക്കും തൊഴിൽമേളയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് വികസന രേഖ ജനങ്ങൾക്ക് വിതരണം ചെയ്തു.

പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ ഓപ്പൺ ഫോറത്തിൽ അവതരിപ്പിച്ചു. അത്യാധുനിക സൗകര്യമുള്ള നീന്തൽക്കുളം, ഓരോ വാർഡുകളിലും ഹാപ്പിനസ് പാർക്കുകൾ, തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുക, കുടുംബശ്രീ കൂട്ടായ്മകൾക്ക് മൂല്യവർധിത വസ്തുക്കളുടെ നിർമാണവും ഗ്രേഡിംഗും ഉണ്ടാവണം, വായനശാലകൾ കേന്ദ്രീകരിച്ച് പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുക 1972 ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് കാലോചിതമായി പരിഗണിക്കുക തുടങ്ങിയ വിഷയങ്ങൾ ഓപ്പൺഫോറത്തിൽ ചർച്ചയായി. കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത അധ്യക്ഷയായി.