നവകേരള സൃഷ്ടിയുടെ ഭാഗമായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അതിദരിദ്രർ ഇല്ലാത്ത ഗ്രാമമായി മാറിയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പഞ്ചായത്തിലെ 138 കുടുംബങ്ങളുടെ അതിജീവനാവശ്യങ്ങൾ നിറവേറ്റിയാണ് പഞ്ചായത്തിനെ അതിദരിദ്ര മുക്തമാക്കിയതെന്നും എംഎൽഎ പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കലവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സദസ്സിൽ പഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റർ പി പി ചിത്തരഞ്ജൻ എംഎൽഎ പ്രകാശനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. സർക്കാറിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ജി അനിൽകുമാറും പഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് സെക്രട്ടറി ആർ. ആർ സൗമ്യറാണിയും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി കെ ശരവണൻ, തിലകമ്മ വാസുദേവൻ, പി എ സബീന, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി എസ് സുയമോള്‍, എം എസ് സന്തോഷ്, കെ പി ഉല്ലാസ്, കെ ഉദയമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ്തി അജയകുമാർ, എം വി സുനിൽകുമാർ, എസ് ദീപു, നവാസ് നൈന, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സദസ്സിനോട് അനുബന്ധിച്ച് തൊഴിൽമേള, ഫോട്ടോ പ്രദർശനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
