ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്സിലറി ഗ്രൂപ്പുകൾ
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്സിലറി മീറ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പഠനം പാതിവഴിയിൽ മുടങ്ങിയ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ വിദൂര വിദ്യാഭ്യാസത്തിലൂടെയോ, തുടർച്ചയായ പഠനത്തിലൂടെയോ അത് പൂർത്തിയാക്കണമെന്നും ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാനും, വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപ്തരാകുവാനും, കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന പിന്തുണ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗോത്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഡ്രോപ്പ് ഔട്ട് തടയാൻ ഓക്സിലറി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും കളക്ടർ പറഞ്ഞു.
സിഡിഎസുകളുടെ നേതൃത്വത്തിൽ ജില്ലയിൽ ഗോത്ര മേഖലയിൽ മാത്രം 60 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. 18നും 40നും ഇടയിൽ പ്രായമുള്ള എഴുന്നൂറോളം അംഗങ്ങളാണ് ഗോത്രമേഖലയിൽ നിന്ന് ഓക്സിലറി ഗ്രൂപ്പിന്റെ ഭാഗമായത്. കേക്ക് നിർമ്മാണം, കൃഷി, ട്യൂഷൻ സെന്റർ തുടങ്ങി വിവിധ സംരഭങ്ങളും ഓക്സിലറി ഗ്രൂപ്പുകൾ നടത്തുന്നുണ്ട്. സംരഭം രൂപീകരിക്കാനായി പ്രത്യേകം വായ്പാ പദ്ധതികളും സാംസ്കാരിക പ്രവർത്തനങ്ങൾക്കായി വേദികളും കുടുംബശ്രീ ഒരുക്കി നൽകുന്നു. ഗോത്രമേഖലയിലെ ഗ്രൂപ്പുകളെ കലാ-സാംസ്കാരിക ഗ്രൂപ്പുകളാക്കി വളർത്തിയെടുക്കാനും അതോടൊപ്പം വിവിധ മേഖലകളിൽ കർമ്മനിരതരായി ഇടപെടാൻ സാധിക്കുന്ന നേതൃനിരയാക്കി മാറ്റാനും കുടുംബശ്രീ ശ്രമിച്ചുവരികയാണ്.
ജില്ലാ മിഷൻ കോഓർഡിനേറ്റർ ഇൻചാർജ് കെ.എം സലീന, എ.ഡി.എം.സിമാരായ കെ.കെ ആമീൻ, വി.കെ റജീന, സംസ്ഥാന മിഷൻ പ്രോഗ്രാം മാനേജർമാരായ നിഷാദ്, അനീഷ്, പ്രഭാകരൻ, മുട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ബീന എന്നിവർ സംസാരിച്ചു.
