കോങ്ങാട് ഗ്രാമപഞ്ചായത്തിലെ മുച്ചീരി ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍, 55.5 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടു നിലകളിലായി 1850 ചതുരശ്ര അടി വിസ്തൃതിയില്‍ ആധുനിക ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മുച്ചീരി കവളേങ്ങില്‍ പ്രവര്‍ത്തിക്കുന്ന സി.എം.സി.എ എന്ന സ്ഥാപനമാണ് ജനകീയാരോഗ്യകേന്ദ്രം നിര്‍മ്മിക്കുന്നതിനാവശ്യമായ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. രോഗികള്‍ക്കുള്ള കാത്തിരിപ്പുസ്ഥലം, ആരോഗ്യ ബോധവല്‍ക്കരണ ഹാള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഓഫീസ്, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമുള്ള പരിശോധന സൗകര്യം, പാപ്സ്മിയര്‍ പരിശോധന, രോഗ പ്രതിരോധ കുത്തിവെപ്പ്, ഇ-സഞ്ജീവനി, യു.എച്ച്.ഐ.ഡി കാര്‍ഡ് പ്രിന്റിങ് തുടങ്ങിയ സൗകര്യങ്ങള്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
മുച്ചീരി ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി റോഷ് റിപ്പോര്‍ട്ട് അവതരണം നടത്തി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എസ് അബ്ദുല്‍ സലീം എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
