സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ നൂൽപ്പുഴ ആശുപത്രിയിൽ വയോജനസൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടി തുടങ്ങി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ രണ്ടുലക്ഷം രൂപയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭൻകുമാർ ആശുപത്രിക്ക് സമർപ്പിച്ചു.
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തുന്ന വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചികിത്സയ്ക്കു ശേഷം ബസ്‌സ്‌റ്റോപ്പ് വരെ ഓട്ടോറിക്ഷയിൽ സൗജന്യമായി എത്തിച്ചുകൊടുക്കും. ഭാവിയിൽ ഇതിന്റെ സേവനം അഞ്ചു കിലോമീറ്റർ പരിധിയിൽ വ്യാപിപ്പിക്കും. എൽഇഡി ലിഥിയം ബാറ്ററി ഉപയോഗിച്ചാണ് ഓട്ടോറിക്ഷ പ്രവർത്തിക്കുന്നത്. രണ്ടുമണിക്കൂർ ചാർജ് ചെയ്താൽ 85 കിലോമീറ്റർ സർവീസ് നടത്താൻ കഴിയും. ഇലക്ട്രിക് സംവിധാനത്തിലാണ് വാഹനം ഓടുകയെന്നതിനാൽ പരിസ്ഥിതി സൗഹൃദവുമാണ്. ആശുപത്രിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന സന്നദ്ധ-യുവജനസംഘടനകളുടെ സഹായത്തോടെയാവും ഓട്ടോറിക്ഷ സർവീസ്.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം എന്ന പദവി സ്വന്തമാക്കിയ ആശുപത്രിയാണ് നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം. ഇന്ത്യയിൽ ഗുണനിലവാരമുള്ള ആതുരാലയങ്ങൾ കണ്ടെത്താൻ നടത്തുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷനിൽ ഉയർന്ന മാർക്ക് നേടിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ രാജ്യത്ത് ഒന്നാമതെത്തിയത്. ആശുപത്രിയിൽ പാർക്ക്, ടെലിമെഡിസിൻ, ഇ-ഫാർമസി, ഡിജിറ്റൽ ടോക്കൺ കൗണ്ടർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ബാലൻ, വാർഡ് അഗം ദീപ ഷാജി, ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി മാത്യു, സി. ഹുസൈൻ, ബിജു, മെഡിക്കൽ ഓഫിസർ ഡോ. ദാഹർ മുഹമ്മദ്, ഡോ. സിബി, ഡോ. റാസിഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബേസിൽ വർഗീസ്, സ്റ്റാഫ് നഴ്‌സി റൂബി, സ്റ്റാഫ് സെക്രട്ടറി ഷിബു തുടങ്ങിയവർ സംസാരിച്ചു.