ആലപ്പുഴ: കാലങ്ങളായി പുരുഷൻമാർ നിർമിച്ചാലേ കെട്ടിടം, കെട്ടിടമാകൂ എന്ന ധാരണ പൊളിച്ചെഴുതാൻ സ്ത്രീകൾക്ക് സാധിച്ചുവെന്ന് എ. എം. ആരിഫ് എം.എൽ.എ. കുടുംബശ്രീയുടെ നിർമാണ മേഖലയിലെ വനിതാ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിമുതൽ നാട്ടിൽ ഉയരുന്ന എല്ലാ കെട്ടിടങ്ങളിലും സ്ത്രീകളുടെ കരുതലുമുണ്ടാകും . വീടിനുള്ള ഉപഭോക്താവിനെ കണ്ടെത്താനും അത് സ്വന്തമായി നിർമിച്ചുനൽകാനും കുടുംബശ്രീ മുൻകൈയ്യെടുക്കുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് അതിന്റെ മേൽനോട്ട ചുമതല മാത്രമാണ് ഇപ്പോഴുള്ളത്.കെട്ടിടനിർമാണ സാധ്യതകൾ പൂർണമായും സ്ത്രീകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്ക് പിന്നാലെ കായികാധ്വാനമുളള മറ്റൊരു മേഖലയിലേക്കുകൂടി സ്ത്രീകൾ കടന്നുവന്നത് ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് കുടുംബശ്രീ ഗവേണിങ് ബോഡി അംഗം സി.എസ് സുജാത പറഞ്ഞു. ലേബർ സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അവർ.
ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർമാണ തൊഴിലാളികളായ വനിതകളെ എം.എൽ.എ എ.എം ആരിഫ് ആദരിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകിയ ഏജൻസികളായ ഏറ്റുമാനൂർ അർച്ചന പരിശീലന കേന്ദ്രം അംഗങ്ങളേയും എക്‌സത് പരിശീലന കേന്ദ്രം അംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാർ നിർമാണ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ സുവനീയർ പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് ശേഷം നിർമാണ മേഖലയിലെ വനിതകൾ,തൊഴിൽസാധ്യതകളും പ്രതിബന്ധങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടന്നു. മുനിസിപ്പൽ കൗൺസിലർ ജി ശ്രീജിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ നിവാഹക സമിതിയംഗം രഘുനാഥ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, കുടുംബശ്രീ ജില്ല മിഷൻ ഡയറക്ടർ സുജ ഈപ്പൻ, സംസ്ഥാന പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന എന്നിവർ പങ്കെടുത്തു