തില്ലങ്കേരി ബഡ്സ് സ്‌കൂൾ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ബഡ്സ് സ്‌കൂളുകൾ സംസ്ഥാന സർക്കാരിന്റെ വികസന മാതൃകയുടെ മികച്ച ഉദാഹരണമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലയിൽ ഭിന്നശേഷി കുട്ടികളുടെ സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ ബഡ്‌സ് സ്‌കൂളുകൾ സ്ഥാപിക്കുന്നത് ലോകത്തിന് തന്നെ മാതൃകയാണ്. ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി ഉപജീവനത്തിനു പ്രാപ്തരാക്കുന്നു. അതോടൊപ്പം ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും ഉപജീവനം കണ്ടെത്തുന്നതിന് തൊഴിൽ പരിശീലനം നൽകുന്നത് സർക്കാർ ആലോചിക്കുന്നുണ്ട്. ബഡ്സ് സ്‌കൂളുകൾക്ക് മുൻഗണന നൽകുന്നതിലൂടെ എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള നവകേരളനിർമ്മിതിയാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തില്ലങ്കേരി കുടുംബശ്രീ ഐ എഫ് സിയുടെ മൂന്നാമത്തെ ഉൽപ്പന്നം ‘നിറവ് പുട്ട് പൊടി’യുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

തില്ലങ്കേരി പഞ്ചായത്തിന്റെ മുണ്ടച്ചാലിൽ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് 66.49 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. മൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, ഡൈനിങ് ഹാൾ, കിച്ചൻ, വരാന്ത, ടോയ്‌ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് 15 സെന്റ് സ്ഥലം ഡോ സലീം സൗജന്യമായി വിട്ട് നൽകി. കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് കുട്ടികൾക്ക് കായിക പരിശീലനത്തിനായി ട്രെഡ് മിൽ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.

അധ്യക്ഷ കെ കെ ശൈലജ ടീച്ചർ എം എൽ എയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയായി. തില്ലങ്കേരി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടിവി നിധിൻ റിപ്പോർട്ട് അവതരിപ്പിച്ചു.