ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു. കായണ്ണ ജനകീയാരോഗ്യ കേന്ദ്രത്തിനായി 57.50 ലക്ഷം രൂപ ചെലവിട്ട് മൊട്ടന്തറയില് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര മേഖലകളിലും ഉണ്ടായ മാറ്റം ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ കാരണമാണെന്നും മന്ത്രി പറഞ്ഞു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായ വെല്‍നെസ് ക്ലിനിക്ക്, ഇമ്യൂണൈസേഷന് ക്ലിനിക്ക്, പ്രാഥമിക ചികിത്സ തുടങ്ങിയ സേവനങ്ങള്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. മൂന്ന് മുറികളും രണ്ട് ഹാളും കെട്ടിടത്തിലുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തനം.
ചടങ്ങില്‍ കെ എം സച്ചിന് ദേവ് എംഎല്‍എ അധ്യക്ഷനായി. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി, വൈസ് പ്രസിഡന്റ് പി ടി ഷീബ, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ നാരായണന്, എ സി ശരണ്‍, കെ വി ബിന്‍ഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍ കെ ജാസ്മിന് തുടങ്ങിയവര്‍ പങ്കെടുത്തു.
